sivagiri

ശ്രീനാരായണ സന്ദേശങ്ങളാൽ രാജ്യമാകെ മുഖരിതമാകുന്ന തൊണ്ണൂറ്റിരണ്ടാം ശിവഗിരി തീർത്ഥാടന കാലത്തിന് ഇന്ന് തിരി തെളിയുകയാണ്. വത്തിക്കാനിൽ നടന്ന ലോകമത പാർലമെന്റിന്റെ ശോഭയിൽ ഈ തീർത്ഥാടനം അധികമധികം ചൈതന്യ ധന്യമാവുന്നു. ആലുവാ സർവമത സമ്മേളന ശതാബ്ദി, വൈക്കം സത്യഗ്രഹശതാബ്ദി, കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദി എന്നിവയുടെ മഹിമയിലാണ് ഈ വർഷത്തെ തീർത്ഥാടനമെന്ന അപൂർവതയുമുണ്ട്. കൂടാതെ,​ മഹാത്മാഗാന്ധി ഗുരുദേവനെ ദർശിച്ചതിന്റെ ശതാബ്ദിയും സമാഗതമാകുന്നു. ഗുരുദേവകൽപ്പന പ്രകാരം ആരംഭിച്ച കഥാപ്രസംഗ കലയുടെ ശതാബ്ദിയും ഈ വർഷം തന്നെ!


ഗുരുദേവൻ കൽപ്പിച്ച് അനുവദിച്ച തീർത്ഥാടന പ്രസ്ഥാനം രാജ്യത്തെ ഏറ്റവും വലിയ വിജ്ഞാനദാന യജ്ഞമാണ്. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി,​ കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക- ശാസ്ത്ര പുരോഗതി എന്നീ വിഷയങ്ങളിൽ നൂറുകണക്കിന് സമ്മേളനങ്ങൾ ഇതുവരെ നടന്നിട്ടുണ്ട്. ഇത് അതിമഹത്തായൊരു വിജ്ഞാനദാന യജ്ഞമാണ്. ഒരു കേന്ദ്രത്തിൽ നിന്ന് ഇത്രയും വൈവിദ്ധ്യമാർന്ന വിഷയങ്ങളിലായി നടന്ന സമ്മേളനങ്ങൾ, വിജ്ഞാനപ്രസാരണത്തിൽ സമാനതകളില്ലാത്തൊരു യജ്ഞമാണ് നിർവഹിച്ചിട്ടുള്ളത്. ഗുരുദേവൻ പ്രായോഗിക വേദാന്തിയായിരുന്നു. മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുക എന്നതായിരുന്നു ഗുരുവിന്റെ ലക്ഷ്യം. മതത്തേയും തത്വദർശനത്തേയും ഗുരുദേവൻ അതിനായി പ്രയോജനപ്പെടുത്തി. അതുകൊണ്ടാണ് ഗുരുവിന്റെ അദ്വൈതത്തെ പ്രായോഗിക വേദാന്ത ദർശനം എന്ന് പണ്ഡിതർ വിലയിരുത്തുന്നത്. ശാങ്കര വേദാന്തത്തെ ഗുരു,​ ദേശ കാലോചിതമാക്കി പുനഃപ്രതിഷ്ഠിച്ചു. തീർത്ഥാടനത്തിലും ഇത് കാണാം.

സമന്വയത്തിന്റെ

പീതവ‌‌‌ർണം


സത്യസങ്കൽപ്പധനനായ മഹാഗുരുവിന്റെ അന്തരാത്മാവിൽ വിരിഞ്ഞ സങ്കൽപ്പങ്ങളെല്ലാം തന്നെ സാഫല്യമടയാതിരിക്കില്ല. സത്യത്തിൽ പ്രതിഷ്ഠ വന്ന ഒരു ബ്രഹ്മനിഷ്ഠന്റെ സങ്കൽപ്പങ്ങൾ ഫലവത്താകുമെന്ന് യോഗദർശനവും ഉപദേശിക്കുന്നുണ്ട്. ഗുരുദേവന്റെ ആദ്യസന്ദേശമായ അരുവിപ്പുറം സന്ദേശത്തിൽ ജാതിഭേദമോ മതദ്വേഷമോ വിഭാഗീയ ചിന്താഗതികളോ ഒന്നുമില്ലാതെ,​ സർവരും സോദരത്വേന വാഴുന്ന മാതൃകാ ലോകം പ്രഖ്യാപിക്കുന്നു. പിന്നീട് 1924-ൽ ആലുവയിൽ സർവമത സമ്മേളനം നടത്തുമ്പോഴും,​ 1928-ൽ ശിവഗിരി തീർത്ഥാടന മഹാമഹം പ്രഖ്യാപനം ചെയ്യുമ്പോഴും ഈ സമന്വയ ദർശനം അഥവാ ഏകത്വ ദർശനം ഗുരുദേവൻ ലക്ഷീകരിക്കുന്നുണ്ട്. ഗുരുദേവൻ വിഭാവനം ചെയ്ത തീർത്ഥാടന ലക്ഷ്യങ്ങൾ സാവധാനമെങ്കിലും ആശാവഹമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

ഗുരുദേവ സങ്കൽപ്പത്തിലുള്ള ഏകലോക വ്യവസ്ഥിതിയുടെ ചിന്താധാര പൂത്തുലഞ്ഞു നിൽക്കുന്നതാണ് ഈ വർഷത്തെ തീർത്ഥാടന മഹിമാവ്. ഡിസംബർ അവസാന വാരമാണ് സാധാരണയായി തീർത്ഥാടന മഹാമഹം കൊണ്ടാടിയിരുന്നതെങ്കിൽ ഇത്തവണ ഡിസംബർ 15 ന് ആരംഭിച്ചിരിക്കുകയാണ്. കൂടുതൽ ഭക്തജനങ്ങൾക്ക് പങ്കെടുക്കുവാനും,​ പ്രത്യേകിച്ച് പത്തു ദിവസത്തെ ഗുരുകൽപ്പനയിലുള്ള വ്രതാനുഷ്ഠാനം പരിരക്ഷിക്കുവാനും തീർത്ഥാടന ദിനങ്ങൾ ഏറെയുള്ളത് സഹായകമാണല്ലോ. തീർത്ഥാടകർക്കായി ഗുരുദേവൻ കൽപ്പിച്ച നിറം മഞ്ഞയാണ്. ശ്രീകൃഷ്ണന്റേയും ശ്രീബുദ്ധന്റേയും മുണ്ട്. ഗുരുദേവന് ആ നിറവുമായുള്ള ബന്ധം വാഗതീതമാണ്. ജ്യോതിശാസ്ത്ര പ്രകാരം വ്യാഴന്റെ ഗുരുവിന്റെ നിറമാണ് മഞ്ഞ. തീർത്ഥാടകർക്കായി ഗുരുദേവൻ മഞ്ഞ തന്നെ കൽപ്പിച്ചത് സമന്വയ ദർശനത്തിന്റെ ഭാഗം കൂടിയാണ്. മഞ്ഞയിൽ എല്ലാ നിറങ്ങളും ലയിച്ചുചേരുന്നു.

കേൾക്കുന്നത്

ഉൾക്കൊള്ളണം

തീർത്ഥാടനത്തിന് അനുമതി നൽകിയ വേളയിൽ ഗുരു ഉപദേശിച്ചു: 'ആണ്ടിലൊരിക്കൽ കുറെ ആളുകൾ രാജ്യത്തിന്റെ നാനാഭാഗത്തു നിന്ന് മഞ്ഞ വസ്ത്രവും ധരിച്ച് യാത്ര ചെയ്ത് ശിവഗിരിയിൽ ചെന്ന് ചുറ്റിനടന്ന് കുളിയും ഊണും കഴിഞ്ഞ്,​ പണവും ചെലവാക്കി മടങ്ങി വീടുകളിൽ ചെല്ലുന്നതുകൊണ്ട് എന്തു സാധിച്ചു?​ ഒന്നും സാധിച്ചില്ല. വെറും ചെലവും ബുദ്ധിമുട്ടും! ഏതു പ്രവൃത്തിക്കും ഒരു ഉദ്ദേശ്യം വേണം. ഒരു ലക്ഷ്യം." തുടർന്ന്,​ വിദ്യാഭ്യാസം തുടങ്ങിയ അഷ്ടാംഗമാർഗങ്ങൾ ഗുരു ഉപദേശിക്കുകയായി. ഗുരു നൽകിയ ഉപദേശവചസുകൾ പരിപാലിക്കുന്നുവോ എന്ന് ഓരോ തീർത്ഥാടകനും ആത്മപരിശോധന ചെയ്യണം. ഗുരുദേവൻ കല്പിച്ച എട്ടു വിഷയങ്ങളിലും വൈദഗ്ദ്ധ്യം സിദ്ധിച്ചവരെയും സാമൂഹിക,​ സാംസ്‌കാരിക,​ രാഷ്ട്രീയ രംഗങ്ങളിലുള്ള പ്രശസ്തരെയും മറ്റും പങ്കെടുപ്പിച്ച് ഓരോ വർഷവും ഒന്നിനൊന്നു മികച്ച സമ്മേളന പരമ്പര നടന്നുവരുന്നു. അതിനൊക്കെ നിറഞ്ഞ സദസുമുണ്ട്. എങ്കിലും തീർത്ഥാടകരിൽ നല്ലൊരു ശതമാനം ഈ സമ്മേളന പരിപാടിയിലൊന്നും അണിചേരാതെ ശിവഗിരി ദർശനം കഴിഞ്ഞ് ഒരു 'ടൂർ പ്രോഗ്രാം" പോലെ യാത്രതിരിക്കുന്നു!

തീർത്ഥാടകർ ശിവഗിരിയിൽ കൂടുതൽ സമയം ചെലവഴിക്കുവാനും സമ്മേളന പരിപാടികളിൽ പങ്കെടുക്കുവാനും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ശിവഗിരി തീർത്ഥാടന കാലത്ത് തീർത്ഥാടന വീഥിയിൽ ഗുരു പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്ക് ദർശനാർത്ഥം തുറന്നിടുന്നത് നന്നായിരിക്കും. ശിവഗിരിയിൽ ഗുരുപൂജയ്ക്ക് കാർഷിക വിളകളും ധാന്യങ്ങളും സമർപ്പിക്കുന്നതും നല്ല കാര്യമാണ്. തീർത്ഥാടന ദിനങ്ങളിലെ വലിയ തിക്കിലും തിരക്കിലും പെടാതെ സൗകര്യപ്രദമായി ഗുരുദർശനം നടത്തി മടങ്ങുവാൻ തീർത്ഥാടന ദിനങ്ങൾ ഇപ്രകാരം നേരത്തെ ആരംഭിക്കുന്നത് ഭക്തജനങ്ങൾക്ക് അനുഗ്രഹപ്രദമാണല്ലോ. തീർത്ഥാടകർ തീർത്ഥാടന ഘോഷയാത്ര നടക്കുന്ന ഡിസംബർ- 31 ന് പുലർച്ചെ 5.30- നുതന്നെ ശിവഗിരിയിലെത്തി ഘോഷയാത്രയിൽ പങ്കെടുക്കേണ്ടതാണ്.

വിശ്വഗുരുവിന്റെ

പരമദർശനം

ശിവഗിരി തീർത്ഥാടനം പരമഹംസനായി വിരാജിച്ച ഒരു ബ്രഹ്മനിഷ്ഠന്റെ മഹാസങ്കൽപ്പങ്ങളിലൊന്നാണ്; അതിനെ മലിനമാക്കരുത് എന്ന് ഗുരുദേവൻ തന്നെ അരുളി ചെയ്തിട്ടുണ്ട്. ബുദ്ധന്റെ പഞ്ചശുദ്ധിയും ഭാരതീയ സംസ്‌കൃതിയുടെ ആചാരങ്ങളുമനുഷ്ഠിച്ച് സാഹോദര്യ മന്ത്രവുമോതി ഭക്തജനങ്ങൾ ശിവഗിരിയിലെത്തണമെന്നാണ് ഗുരുകൽപ്പന. അത് ഒരു സമന്വയ ദർശനത്തിന്റെ ഉദ്‌ബോധനവും അനുഷ്ഠാനവുമായി പ്രശോഭിതമായിരിക്കുന്നു. ആത്മീയമായ അടിത്തറയിൽ സാമൂഹിക ജീവിതം പടുത്തുയർത്തുക എന്ന ഗുരുദേവന്റെ പ്രായോഗിക വേദാന്ത ദർശനം ശിവഗിരി തീർത്ഥാടന സന്ദേശത്തിലും അനുരണനം ചെയ്യുന്നു.


ഗുരുദേവൻ മഹാദാർശനികനായിരുന്നു. 'പരമജ്ഞാനിനാം ജ്ഞാനിവര്യൻ" എന്നാണ് ആശാൻ ഗുരുദേവനെ വിശേഷിപ്പിച്ചത്. ഒരു പുതിയ മതം ഗുരുവിന് സ്ഥാപിക്കാമായിരുന്നു. എന്നാൽ മതസ്ഥാപനത്തിന് ഉപരിയായി ഗുരുദേവൻ മനുഷ്യനെ കണ്ടു. മനുഷ്യനെ കേന്ദ്രബിന്ദുവാക്കി ഒരു വിശ്വമാനവിക ദർശനം അവതരിപ്പിച്ചു. ശിവഗിരി തീർത്ഥാടന സന്ദേശം അതിന്റെ മനുഷ്യത്വ മുഖമാണ്. അത് ഇന്നിന്റെയും നാളെയുടെയും ദർശനമാണ്. വത്തിക്കാനിൽ വച്ച് മഹാനായ ഫ്രാൻസിസ് മാർപ്പാപ്പ,​ ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങൾ മതസൗഹാർദ്ദത്തിനും ലോകസമാധാനത്തിനും വഴികാട്ടിയാണെന്ന് ഉദ്‌ബോധിപ്പിച്ചു. ശിവഗിരി തീർത്ഥാടകർ മഹാനായ മാർപ്പാപ്പയുടെ ഉദ്‌ബോധനം ആവർത്തിച്ച് മനസിലാക്കേണ്ടതാണ്. ഗുരുദേവന്റെ വിശ്വഗുരുത്വവും ഈശ്വരീയതയും തീർത്ഥാടകരെ നയിക്കണം. ഈ തീർത്ഥാടനം അതിനുള്ള ആത്മപ്രതിജ്ഞയാകട്ടെ