
കൊച്ചി: രണ്ട് മാസത്തെ വേതനം, കൊവിഡ് കാലത്തെ കിറ്റ് കമ്മിഷൻ, ഓണത്തിന്റെ ഉത്സവബത്ത ഇവയെല്ലാം കുടിശികയാണ് റേഷൻ വ്യാപാരികൾക്ക്. ഓണക്കാലത്തേതു പോലെ ഇക്കുറി ക്രിസ്മസിനും ഇവർ ദാരിദ്ര്യത്തിലായേക്കും. സെപ്തംബർ വേതനം ലഭിച്ചത് നവംബർ 20നാണ്.ഭക്ഷ്യവസ്തുക്കൾ എടുത്തതിന്റെ പണം നൽകാത്തതിനാൽ താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിന്ന് വിളി വന്നു തുടങ്ങി. തുക അടച്ചില്ലെങ്കിൽ കട സസ്പെൻഡ് ചെയ്യുമെന്ന മുന്നറിയിപ്പ് ലഭിച്ചവരേറെ.
ഓണക്കാലത്തെ 1000 രൂപ ഉത്സവബത്തയ്ക്കായി ഫയലുകൾ ധനകാര്യ വകുപ്പിന് ഭക്ഷ്യവകുപ്പ് കൈമാറിയിട്ട് മാസങ്ങളായി. 2023 നവംബർ മുതൽ വേതനം പതിവായി വൈകുന്നുണ്ട്. അഞ്ചാം തീയതിക്കുള്ളിൽ നൽകിയിരുന്ന കമ്മിഷൻ തുകയും സമയത്തിന് കിട്ടുന്നില്ല.ബി.പി.എൽ കാർഡുകളേറെയുള്ള തീരമേഖലകളിലെ വ്യാപാരികൾക്കാണ് കൂടുതൽ ബാദ്ധ്യത. കടയുടെ വാടക, വൈദ്യുതി ബില്ല്, തൊഴിലാളികളുടെ കൂലി എന്നിവയെല്ലാം ഇതിൽ നിന്ന് വേണം നൽകാൻ. ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ 70 ശതമാനം വിറ്റാൽ ലഭിക്കുന്ന സപ്പോർട്ടിംഗ് ഫീസായ 8,500 രൂപ ലഭിക്കാത്ത ആയിരത്തിലേറെ വ്യാപാരികളുമുണ്ട്. നഗരപ്രദേശങ്ങളിൽ വില്പന കുറവായതാണ് കാരണം.
വേതന കുടിശിക 52 കോടി
വ്യാപാരികൾക്ക് 12,000 മുതൽ 50,000 വരെ രൂപയാണ് വേതനം. ഒരു മാസത്തേക്ക് നൽകാൻ 26 കോടി വേണം. രണ്ടു മാസത്തെ തുകയായ 52 കോടി കുടിശികയാണ്. കൊവിഡ് കാലത്ത് റേഷൻ കടകൾ മുഖേന 10 മാസം വിതരണം ചെയ്ത കിറ്റ് കമ്മിഷനായി 48 കോടി നൽകാനുണ്ട്. ഇതിൽ അഞ്ചുമാസത്തെ തുകയായ 24 കോടി സെപ്തംബറിൽ നൽകി. കിറ്റ് വിതരണം സേവനമായി കണക്കാക്കണമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സുപ്രീംകോടതി വരെ പോയാണ് വ്യാപാരികൾ കമ്മിഷൻ നേടിയെടുത്തത്. കിറ്രിന് അഞ്ചുരൂപയാണ് കമ്മിഷൻ.
റേഷൻ വ്യാപാരികളോട് ധനകാര്യ വകുപ്പിന്റെ ചിറ്റമ്മ നയം അവസാനിപ്പിക്കണം. യഥാസമയം വേതനം ലഭിക്കാത്തത് മൂലം പ്രതിസന്ധിയിലാണ്.
എൻ. ഷിജീർ
സംസ്ഥാന 
ഓർഗനൈസിംഗ് സെക്രട്ടറി
കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ
കിറ്റ് കമ്മിഷൻ - 24 കോടി
ഉത്സവ ബത്ത -1000 രൂപ വീതം
ആകെ റേഷൻ വ്യാപാരികൾ - 13976