
കോട്ടയം : വീട്ടമ്മയെ കബളിപ്പിച്ച് ഒരുകോടി 86 ലക്ഷത്തോളം രൂപ തട്ടിയെടുത്ത അന്തർസംസ്ഥാന തട്ടിപ്പുകാരൻ പിടിയിൽ. തൃശ്ശൂർ വരന്തരപ്പള്ളി ചന്ദ്രശേരിയിൽ സലീഷ് കുമാർ (47)നെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ ഫോണിലേക്ക് സി.ബി.ഐയിൽ നിന്നെന്ന് പറഞ്ഞു വിളിച്ചു. മുംബയിലുള്ള വീട്ടമ്മയുടെ അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും, കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പറഞ്ഞ് പലതവണകളായി പണം അക്കൗണ്ടുകളിലേക്ക് വാങ്ങിക്കുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദ്ദേശത്തെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഇയാളെ ഗോവയിൽ നിന്നാണ് പിടികൂടിയത്. തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. ഡിവൈ.എസ്.പി സാജു വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പണം ഇയാൾ രാജസ്ഥാൻ, ഹരിയാന, കോയമ്പത്തൂർ, ഗുജറാത്ത് എന്നിവിടങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായി ശാസ്ത്രീയമായ പരിശോധനയിൽ കണ്ടെത്തി. തെലുങ്കാന പൊലീസ് കാഞ്ഞിരപ്പള്ളി കോടതിയിൽ ഇയാളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.