
കരുക്കൾക്കൊണ്ട് കളം കീഴടക്കാൻ കൊതിക്കുന്ന യുവതലമുറയ്ക്ക് ഏറെ പ്രചോദനം പകരുന്നതാണ് കഴിഞ്ഞ ദിവസം ചൈനീസ് ഗ്രാൻഡ് മാസ്റ്റർ ഡിംഗ് ലിറെനെ തോൽപ്പിച്ച് ഇന്ത്യയുടെ 18കാരൻ പയ്യൻ ഡി. ഗുകേഷിന്റെ ലോക ചാമ്പ്യൻ പദവി. ചെസിൽ ലോകേചാമ്പ്യനാകുന്ന 18-ാമനായ ഈ 18കാരൻ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യൻ എന്ന പദവിയും സ്വന്തമാക്കി. 1985- ൽ 22-ാം വയസിൽ ലോകകിരീടം ചൂടിയ ഗാരി കാസ്പറോവിന്റെ റെക്കാഡാണ് 18 വർഷവും ആറു മാസവും പ്രായമുള്ളപ്പോൾ ഗുകേഷ് തിരുത്തിയിരിക്കുന്നത്. വിശ്വനാഥൻ ആനന്ദിന് ശേഷം ലോക ചെസ് ചാമ്പ്യൻ പട്ടം ഇന്ത്യയിലേക്ക് കൊണ്ടുവന്നത് അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനായ ഗുകേഷാണ്.
കഴിഞ്ഞ ഏപ്രിലിൽ ഡിംഗ് ലിറെനെ എതിരിടാനുള്ള കാൻഡിഡേറ്റായി ഗുകേഷ് തിരഞ്ഞെടുക്കപ്പെടുമ്പോൾ ഇന്ത്യയിൽ വോട്ടവകാശം നേടാൻ പ്രായമെത്താത്ത പയ്യനായിരുന്നു. ഗാരി കാസ്പറോവും അനാറ്റൊലി കാർപ്പോവും ബോബി ഫിഷറുമൊന്നും  ഈ പ്രായത്തിൽ എത്തിച്ചേരാത്തത്ര ഉയരത്തിലേക്കാണ് ഗുകേഷ് തന്റെ പതിനെട്ടാം വയസിൽ എത്തിയിരിക്കുന്നത്. ചെറുപ്രായത്തിൽത്തന്നെ ഉള്ളിലുറച്ച ലക്ഷ്യബോധമാണ് ഗുകേഷിനെ ഈ ഉയരത്തിലെത്തിച്ചത്. 11-ാം വയസിൽ ഒരു അഭിമുഖത്തിൽ,തന്റെ ഏറ്റവും വലിയ ആഗ്രഹം, പ്രായം കുറഞ്ഞ ലോക ചാമ്പ്യനാവുകയാണെന്ന് ഗുകേഷ് പറഞ്ഞിരുന്നു. 2013-ൽ ആനന്ദിനെ തോൽപ്പിച്ച് കാൾസൺ ലോകചാമ്പ്യനായപ്പോൾ ആ കിരീടം ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന് കുഞ്ഞുഗുകേഷ് ആഗ്രഹിച്ചു. അതിനൊപ്പം നിൽക്കാൻ സാക്ഷാൽ ആനന്ദ് തന്നെയുണ്ടായി!
അഭിമാന വിജയം
സിംഗപ്പൂരിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ തന്നേക്കാൾ പ്രായവും പരിചയവുമുള്ള ചൈനീസ് ഗ്രാൻഡ് മാസ്റ്ററെ 14 റൗണ്ടുകൾ നീണ്ട പോരാട്ടത്തിൽ മറികടന്നാണ് ഗുകേഷ് വിശ്വവിജയിയായത്. സമനിലയിലേക്കെന്നു കരുതിയ അവസാന റൗണ്ട് പോരാട്ടത്തിന്റെ അവസാന സമയത്തെ ആവേശോജ്വല നീക്കത്തിലൂടെ ഡിംഗ് ലിറെനെ അടിയറവു പറയിച്ചാണ് കൗമാരം കടക്കാത്ത ഇന്ത്യൻ താരം ചരിത്രമെഴുതിയത്. ലിറെന് വെള്ളക്കരുക്കളുടെ ആനുകൂല്യമുണ്ടായിരുന്നിട്ടും മനസാന്നിദ്ധ്യം വിടാതെ പൊരുതിയ ഗുകേഷ്, ഒരൊറ്റ കാലാളിന്റെ അധിക ആനുകൂല്യമാണ് വിജയത്തിലേക്കുള്ള കരുനീക്കമാക്കിയത്.
തന്നേക്കാൾ 14 വയസിന് മൂപ്പുള്ള ഡിംഗ് ലിറെനെതിരെ മൂന്ന് ഗെയിമുകളിൽ വിജയിക്കുകയും ഒൻപത് ഗെയിമുകളിൽ സമനില നേടുകയും ചെയ്താണ് ഗുകേഷ് ഏഴര പോയിന്റിൽ ആദ്യമെത്തിയത്. ആദ്യ റൗണ്ടിൽ വെള്ളക്കരുക്കളുമായി കളിച്ച ഗുകേഷിനെ തോൽപ്പിച്ചാണ് ലിറെൻ തുടങ്ങിയത്. രണ്ടാം റൗണ്ട്  സമനിലയിലായി. മൂന്നാം റൗണ്ടിൽ വീണ്ടും വെള്ളക്കരുക്കൾ കൊണ്ട് കളിച്ച ഗുകേഷ് തന്റെ ആദ്യ വിജയം നേടി തുല്യത പിടിച്ചെടുത്ത് ലിറെന് ശക്തമായ വെല്ലുവിളിയുയർത്തി. തുടർന്നുള്ള ഏഴു റൗണ്ടുകളിൽ ആർക്കും ജയിക്കാനായില്ല. 10 റൗണ്ടുകൾ പൂർത്തിയായപ്പോൾ ഇരുവർക്കും അഞ്ചുപോയിന്റ് വീതമായിരുന്നു. 11-ാം റൗണ്ടിൽ ഗുകേഷും 12-ാം റൗണ്ടിൽ ലിറെനും വിജയം നേടിയതോടെ ചാമ്പ്യൻഷിപ്പ് വീണ്ടും സമനിലച്ചങ്ങലയിലായി.13-ാം റൗണ്ട് മത്സരവും സമനിലയിൽ പിരിഞ്ഞെങ്കിലും അവസാന റൗണ്ടിൽ ഗുകേഷ് ലക്ഷ്യം നേടിയെടുത്തു.
ഡോക്ടർ ദമ്പതികളുടെ മകൻ
തെലങ്കാനയിൽ നിന്നുള്ള ഡോക്ടർ ദമ്പതികളുടെ മകനായി ചെന്നൈയിൽ ജനിച്ചുവളർന്ന ഗുകേഷ് ഏഴാം വയസിലാണ് ചെസ് കളിക്കാൻ പഠിച്ചത്. 12-ാം വയസിൽ ഗ്രാൻഡ് മാസ്റ്റർ പട്ടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി വിസ്മയം സൃഷ്ടിച്ചു. സാക്ഷാൽ വിശ്വനാഥൻ ആനന്ദിന്റെ ചെന്നൈയിലെ വെസ്റ്റ്ബ്രിജ് ആനന്ദ് -ആനന്ദ് അക്കാഡമിയിലൂടെ അന്താരാഷ്ട്ര രംഗത്ത് അറിയപ്പെടുന്ന താരമായി. 2022-ലെ ചെസ് ഒളിമ്പ്യാഡിൽ ടീം വെങ്കലവും ഫസ്റ്റ് ബോർഡിൽ സ്വർണവും നേടി. ഈ വർഷത്തെ ഒളിമ്പ്യാഡിൽ ടീമിനത്തിലും വ്യക്തിഗത ഇനത്തിലും സ്വർണം. ഈ വർഷം ഏപ്രിലിൽ നടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ലോകത്തിലെ എണ്ണം പറഞ്ഞ ഗ്രാൻഡ് മാസ്റ്റർമാരെ കീഴടക്കിയാണ് നിലവിലെ ലോക ചാമ്പ്യനെ നേരിടാനുള്ള ഏറ്റവും പ്രായം കുറഞ്ഞ കാൻഡിഡേറ്റായി മാറിയത്.
2006- ലാണ് ഗുകേഷിന്റെ ജനനം. അന്ന് ഡിംഗ് ലിറെന് 12 വയസ്. ഗുകേഷ് മൂന്നാം വയസിൽ ഓടിക്കളിക്കുമ്പോൾ ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തിയതാണ് ലിറെൻ. നാല് ചെസ് ഒളിമ്പ്യാഡുകളിൽ ചൈനയെ പ്രതിനിധീകരിക്കുകയും രണ്ടുതവണ സ്വർണനേട്ടത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത ലിറെൻ 2017 മുതൽ 2018 വരെയുള്ള കാലയളവിൽ തോൽവിയറിയാതെ 100 തുടർമത്സരങ്ങളാണ് കളിച്ചത്. 2023-ൽ നിപ്പോംനിയാഷിയെ ടൈബ്രേക്കറിൽ കീഴടക്കിയാണ് ലിറെൻ ലോക ചാമ്പ്യനായത്. ആ സിംഹാസനമാണ് ഗുകേഷ് പിടിച്ചെടുത്തത്.
ഇത് ഇന്ത്യയുടെ
ചെസ് വർഷം
ചെസിൽ ഇന്ത്യയുടെ  നേട്ടങ്ങളുടെ വർഷമാണ് 2024. ഈ വർഷമാദ്യം കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജേതാവായ ഗുകേഷ് യുവതലമുറയ്ക്കൊപ്പം ചെസ് ഒളിമ്പ്യാഡിലെ ഓപ്പൺ, വനിതാ വിഭാഗങ്ങളിലെ കിരീടനേട്ടവും വ്യക്തിഗത വിഭാഗങ്ങളിലെ ചാമ്പ്യൻ പട്ടങ്ങളും സ്വന്തമാക്കി. ഒടുവിൽ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യനായിത്തന്നെ ഗുകേഷിന്റെ പട്ടാഭിഷേകം. ഒരു വിശ്വനാഥൻ ആനന്ദിന്റെ ചരിത്രനേട്ടങ്ങളിൽ അഭിരമിച്ചിരുന്ന ഇന്ത്യ ഒരുകൂട്ടം മികച്ച കൗമാരതാരങ്ങളുടെ കൂടാരമായി മാറിയിരിക്കുന്നു. ഈ നേട്ടത്തിൽ വിശ്വനാഥൻ ആനന്ദും അഭിനന്ദനം അർഹിക്കുന്നു. കാരണം. തനിക്കുശേഷം പ്രളയം എന്ന് അദ്ദേഹം ചിന്തിച്ചില്ല. താൻ കടന്നുപോന്ന കിരീടവഴികളിലേക്ക് പിൻതലമുറയെ കൈപിടിച്ചു കയറ്റുകയെന്ന കടമ നിർവഹിക്കാൻ ആനന്ദ് മുന്നിൽ നിന്നതിന്റെ പരിണിതഫലമാണ് ഇന്ത്യയുടെ ഈ തിളക്കം.
ഇനിയും വളരണം
റഷ്യയിൽ ചെറുപ്രായത്തിലേ ചെസ് പരിശീലനം നൽകുന്ന അക്കാഡമികളെ മാതൃകയാക്കിയാണ് ആനന്ദ് ഇന്ത്യയിൽ തന്റെ അക്കാഡമി ആരംഭിച്ചത്. പ്രഗ്നാനന്ദയെയും ഗുകേഷിനെയുമൊക്കെ കൈപിടിച്ചുയർത്തിയത് ആനന്ദാണ്. വിദേശപരിശീലനത്തിന് വൻതുക ചെലവുവരുന്ന ചെസിൽ ആനന്ദിന്റെ പിൻബലംകൊണ്ടാണ് പല യുവതാരങ്ങൾക്കും സ്പോൺസർഷിപ്പുകൾ ലഭിച്ചത്. ചെസിൽ ആനന്ദ് ഏന്തിയ ദീപം പകർന്നുപിടിക്കുന്ന കുഞ്ഞിക്കൈകളൊക്കെ ബലിഷ്ഠമായി മാറിയിരിക്കുന്നു. അടുത്ത ലോക ചാമ്പ്യൻഷിപ്പിൽ ഗുകേഷിനെ എതിരിടാനുള്ള കാൻഡിഡേറ്റിനെ ഇന്ത്യയിൽ നിന്നുതന്നെ കണ്ടെത്താമെന്ന രീതിയിൽ നമ്മുടെ യുവതലമുറ വളർന്നിട്ടുണ്ട്. പ്രഗ്നാനന്ദയും അർജുൻ എരിഗേയ്സിയും മലയാളി ഗ്രാൻഡ്മാസ്റ്റർമാരായ എസ്.എൽ. നാരായണനും നിഹാൽ സരിനുമൊക്കെ ഒരുനാൾ ലോകചാമ്പ്യനാകാനുള്ള ഇച്ഛാശക്തിയുമായി കരുക്കൾ നീക്കുന്നവരാണ്. ചെസ് ബോർഡിലേക്ക് കൂടുതൽ കുരുന്നുകളെ കൈപിടിച്ചുകയറ്റാൻ ഗുകേഷിന്റെ ഈ കിരീടനേട്ടം പ്രചോദനമാകും. ചെസിനെ പിന്തുണയ്ക്കുന്ന തമിഴ്നാട് സർക്കാരിന്റെ നിലപാടുകൾ ചെന്നൈ കേന്ദ്രീകരിച്ചു വളരാൻ താരങ്ങളെ പ്രേരിപ്പിക്കുന്നു. കേരളത്തിലും നിരവധി ചെസ് പ്രതിഭകളുണ്ട്. അധികാരത്തർക്കത്തിന്റെ പേരിൽ വിഘടിച്ചു നിൽക്കുന്ന അസോസിയേഷൻ കളികളിൽ കേരളത്തിലെ കളിക്കാരുടെ ഭാവി കൂമ്പടഞ്ഞുപോകരുത്. സ്കൂളുകളിലും വായനശാലകളിലും നഗരകേന്ദ്രങ്ങളിലും ചെസ് കളിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന്റെ അനുഭാവപൂർണമായ നിലപാടുണ്ടാവുകയും വേണം.