
മലയാള സിനിമയിലേക്ക് ഒട്ടനവധി കലാകാരൻമാരെ സമ്മാനിച്ച സ്ഥാപനമാണ് കൊച്ചിൻ കലാഭവൻ. അന്തരിച്ചസംവിധായകൻ സിദ്ദിഖ്, ലാൽ, അൻസർ, കെ എസ് പ്രസാദ്, വർക്കിച്ചൻ, റഹ്മാൻ എന്നിവരായിരുന്നു കലാഭവനിലെ ആദ്യകാല കലാകാരൻമാർ. നിരവധി മിമിക്രി,കഥാപ്രസംഗ പരിപാടികളിലൂടെയും കൊച്ചിൻ കലാഭവൻ കേരളത്തിൽ അങ്ങോളമിങ്ങോളം നൂറുകണക്കിന് ഷോകളാണ് ചെയ്തത്. ഇവരുടെ സൗഹൃദവും ശ്രദ്ധേയമായിരുന്നു.
ഇപ്പോഴിതാ സംവിധായകൻ സിദ്ദിഖിനോടുളള സൗഹൃദത്തെക്കുറിച്ച് തുറന്നപറഞ്ഞിരിക്കുകയാണ് കലാഭവൻ റഹ്മാൻ. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്.' കലാഭവനിൽ ഒരു കാലത്ത് നടന്ന എല്ലാ പരിപാടികളുടെയും വിജയത്തിനുപിന്നിൽ സിദ്ദിഖായിരുന്നു. എല്ലാ കാര്യങ്ങളും അദ്ദേഹം പണ്ടുമുതൽക്കേ പെർഫെക്ടായി ചെയ്യുമായിരുന്നു. ഇതുകൊണ്ടായിരിക്കും അദ്ദേഹത്തിന്റെ സിനിമകളും വിജയിച്ചത്. ഞങ്ങൾ തമ്മിൽ വലിയ സൗഹൃദമായിരുന്നു. അയാളെക്കുറിച്ച് മോശമായിട്ട് പറയാൻ ഒന്നുമില്ലായിരുന്നു. സിദ്ദിഖ് മരിച്ചതായി ഇപ്പോഴും തോന്നിയിട്ടില്ല. എത്ര തിരക്കാണെങ്കിലും അവൻ വിളിക്കുമായിരുന്നു. ഒരു മാറ്റവുമില്ലാത്ത വ്യക്തി. അവന്റെ നമ്പരും കളഞ്ഞിട്ടില്ല.
സിദ്ദിഖും ലാലും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു. അവർ ഒരുമിച്ച് ഒരുപാട് ഹിറ്റ് സിനിമകൾ ചെയ്തു.എന്നിട്ടും അവർ സംവിധാനം ചെയ്ത സിനിമകളിൽ നല്ലൊരു വേഷം കിട്ടിയില്ലെന്ന പരാതി എനിക്കുണ്ടായിരുന്നില്ല. അത് കണ്ടുനിന്നവർക്കായിരുന്നു പരാതി. അവരെ കുറ്റം പറയാൻ പറ്റില്ലല്ലോ. നിമിത്തമാണ്. സൗഹൃദത്തിന്റെ പുറത്ത് അവസരം ചോദിക്കുന്ന വ്യക്തിയല്ല ഞാൻ. വേണമെങ്കിൽ അവർക്ക് വേഷം തരാമായിരുന്നു. ആളുകൾ അതിനെക്കുറിച്ച് ചോദിക്കുമ്പോൾ വിഷമം ഉണ്ടാകാറുണ്ട്'- റഹ്മാൻ പറഞ്ഞു.
അന്തരിച്ച നടൻ സൈനുദീനുമായുളള അനുഭവങ്ങളും റഹ്മാൻ പങ്കുവച്ചു. 'ഞാനും സൈനുദീനും തമ്മിലുളള ആത്മബന്ധം വളരെ വലുതായിരുന്നു. ഒരു പക്ഷെ സിനിമയിലായാലും മിമിക്രിയിലും എന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു അവൻ. ഏത് കാര്യത്തിനെയും തമാശയായിട്ട് പറയുന്ന സ്വഭാവമായിരുന്നു. ഞാൻ ഇന്നും അവനെ ഓർക്കുന്നു. ഒരു പക്ഷേ സൈനുദീന്റെ കബറിന് മുന്നിൽ പോയാൽ പോലും ഞാൻ ചിരിച്ച് പോകും. അത്രയധികം തമാശകൾ അവൻ പറയുമായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് അവൻ മരിച്ചത്'- നടൻ കൂട്ടിച്ചേർത്തു.