a

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ പലതും വെള്ളാനകളായി ഒടുവിൽ കുത്തുപാളയെടുത്ത് അടച്ചു പൂട്ടേണ്ടി വരുന്നത് അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും മൂലമാണ്. പൂട്ടുവീണ പലസ്ഥാപനങ്ങളുടെയും ചരിത്രം പരിശോധിച്ചാൽ ഇത് വ്യക്തമാകും. പ്രവർത്തിക്കുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളും കോടികളുടെ നഷ്ടത്തിലും ബാദ്ധ്യതയിലുമാണ്. പരമ്പരാഗത വ്യവസായമായ കശുഅണ്ടി മേഖലയും ഇതിൽ നിന്ന് ഒട്ടും ഭിന്നമല്ല. ഒരുകാലത്ത് കൊല്ലം ജില്ലയുടെ വ്യവസായ സ്പന്ദനമായിരുന്ന കശുഅണ്ടി വ്യവസായത്തെ തകർത്തതും മാറിമാറി കേരളം ഭരിച്ച സർക്കാരുകളുടെ പിടിപ്പുകേടും അഴിമതിക്കാർക്ക് കുടപിടിക്കുന്ന നയങ്ങളുമാണ്. കോടികൾ മറിയുന്ന തോട്ടണ്ടി ഇറക്കുമതിയിൽ കോടികളാണ് കമ്മിഷൻ ഇനത്തിൽ പലരുടെയും പോക്കറ്റുകളിലെത്തുന്നത്. വ്യവസായം നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോൾ സഹായധനമായി സർക്കാർ കോടികൾ അനുവദിച്ചു നൽകും. ഇതിന്റെ തണലിൽ വീണ്ടും അഴിമതിയും കട്ടുമുടിക്കലും അരങ്ങേറും. കശുഅണ്ടി വ്യവസായം തന്നെ നാടുനീങ്ങുന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചിട്ടും തൊഴിലാളികളുടെ പേരിൽ ഊറ്റം കൊള്ളുന്നവർ പോലും തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടുകൾ സ്വീകരിച്ചതു മൂലം മൂന്ന് ലക്ഷത്തോളമുണ്ടായിരുന്ന കശുഅണ്ടി തൊഴിലാളികളുടെ എണ്ണം ഇന്ന് അരലക്ഷത്തിൽ താഴെയായി. സ്വകാര്യ ഫാക്ടറികളടക്കം 750ലേറെ ഉണ്ടായിരുന്ന ഫാക്ടറികളുടെ എണ്ണം കഷ്ടിച്ച് 100 ൽ താഴെയായി. കൊല്ലം ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനമായ കശുഅണ്ടി വികസന കോർപ്പറേഷൻ അഴിമതി കോർപ്പറേഷനായി മാറിയത് ഇന്നോ ഇന്നലെയോ അല്ല. തോട്ടണ്ടി ഇടപാടിൽ അഴിമതി ആരോപണം പലതവണ ഉയർന്നിട്ടുണ്ടെങ്കിലും 2006 മുതൽ 2015 മാർച്ച് വരെ നടന്ന തോട്ടണ്ടി ഇടപാടുകൾ അന്വേഷിച്ച സി.ബി.ഐ, കോടികളുടെ ക്രമക്കേടാണ് കണ്ടെത്തിയത്. അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട സി.ബി.ഐ യെ അമ്പരപ്പിച്ച് ഒന്നാം പിണറായി സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ കൊല്ലം സ്വദേശിയും മുൻ ഐ.എൻ.ടി.യു.സി നേതാവുമായ കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിച്ചു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ച സർക്കാർ നിലപാട് റദ്ദാക്കിയ ഹൈക്കോടതി, തീരുമാനം പുനഃപരിശോധിക്കാനും സർക്കരിനോടാവശ്യപ്പെട്ടു. കോടികളുടെ അഴിമതി സംബന്ധിച്ച സി.ബി.ഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ തന്നെ മുന്നിട്ടിറങ്ങിയപ്പോൾ അഴിമതി നടന്നുവെന്ന് കോടതിക്ക് വെളിപ്പെടുത്തേണ്ടി വന്നു. കേസിലെ മുഖ്യപ്രതികൾക്കെതിരെ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിന് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച സർക്കാർ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സർക്കാരിനേറ്റ കനത്ത തിരിച്ചടിയായി. പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനാൽ കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യവും ഹൈക്കോടതി തള്ളിയത് പ്രതികൾക്കേറ്റ തിരിച്ചടിയും സർക്കാരിനേറ്റ ഇരട്ടപ്രഹരവുമായിരുന്നു.

സുപ്രീം കോടതിയിൽ

നിന്നും പ്രഹരം

കശുഅണ്ടി വികസന കോർപ്പറേഷനിൽ നടന്ന കോടികളുടെ അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ പിണറായി സർക്കാർ അനുമതി നിഷേധിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ ഹർജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയത് പ്രതികൾക്ക് മാത്രമല്ല, സർക്കാരിനും സി.പി.എമ്മിനും വീണ്ടും കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ, കോർപ്പറേഷൻ മുൻ എം.ഡിയും ഇപ്പോൾ ഖാദിബോർഡ് എം.ഡി യുമായ കെ.എ രതീഷ് എന്നിവരാണ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. സി.ബി.ഐ രജിസ്റ്റർ ചെയ്ത കോടികളുടെ അഴിമതിക്കേസിൽ യഥാക്രമം ഒന്നും മൂന്നും പ്രതികളാണിവർ. സ‌ർക്കാർ ശമ്പളം പറ്റിയവരായതിനാലാണ് ആർ. ചന്ദ്രശേഖരനെയും രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി സർക്കാരിനെ സി.ബി.ഐക്ക് സമീപിക്കേണ്ടി വന്നത്. എന്നാൽ ഏവരെയും അമ്പരപ്പിച്ച് സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. സർക്കാർ തീരുമാനം റദ്ദാക്കിയും പ്രതികളുടെ ആവശ്യം തള്ളിയും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസർ എടപ്പകത്ത് ജൂലായ് 24 നാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. സി.ബി.ഐയുടെ അനുമതി അപേക്ഷ പുന:പരിശോധിച്ച് മൂന്ന് മാസത്തിനകം സർക്കാർ തീരുമാനം എടുക്കണമെന്ന് കോടതി പറഞ്ഞെങ്കിലും 6 മാസമായിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഈ ഉത്തരവിനെതിരെ ആർ. ചന്ദ്രശേഖരനും രതീഷും സ്വന്തം നിലയിലാണ് സുപ്രീംകോടതിയെ സമീപിച്ചതെങ്കിലും സർക്കാരിന്റെ പിന്തുണ ഇക്കാര്യത്തിൽ ഉണ്ടെന്നത് വ്യക്തമാണ്.

ഇനി കോടതി

അലക്ഷ്യ നടപടി ?
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരള സർക്കാർ ഇനി എന്ത് നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നടപടികൾ ഇനിയും വൈകിയാൽ കോടതി അലക്ഷ്യത്തിലേക്ക് നീങ്ങാം. പ്രതികൾ ഇരുവരും അതീവരഹസ്യമായാണ് പരമോന്നത കോടതിയെ സമീപിച്ചതെങ്കിലും പരാതിക്കാരനായ കടകംപള്ളി മനോജ് സുപ്രീം കോടതിയിൽ തടസഹർജി നൽകിയതാണ് പ്രതികൾക്ക് തിരിച്ചടിയായത്. തടസഹർജി നൽകിയില്ലായിരുന്നെങ്കിൽ പ്രതികൾക്ക് ആശ്വാസം പകരുന്ന എക്സ് പാർട്ടി വിധിയുണ്ടാകുമായിരുന്ന സാഹചര്യം ഒഴിവായതും പ്രതികളുടെ ചങ്കിടിപ്പേറ്റുന്നതാണ്. പരമോന്നത കോടതിയും കൈവിട്ടതോടെ തോട്ടണ്ടി ഇടപാടിലെ അഴിമതിവീരന്മാർ വിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പായി. തോട്ടണ്ടി ഇറക്കുമതി ഇടപാടുകളിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ സി.ബി.ഐ, പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതിതേടി സർക്കാരിന് അപേക്ഷ നൽകിയത് 2020 ഒക്ടോബർ 15 നാണ്. വ്യവസായ വകുപ്പ് അത് കയ്യോടെ തള്ളിയതിരെയാണ് കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയത്.

സി.പി.എമ്മിലും

ഭിന്നതയുണ്ടാക്കി
സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിന് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച ഒന്നാം പിണറായി സർക്കാരിന്റെ തീരുമാനം സി.പി.എമ്മിലും കടുത്ത ഭിന്നതയുണ്ടാക്കിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ പരസ്യമായി എതിർക്കാൻ ആരും തയ്യാറായിരുന്നില്ല. തോട്ടണ്ടി ഇടപാടിൽ ക്രമക്കേടും അഴിമതിയും നടന്നതായി കണ്ടെത്തിയ സി.ബി.ഐ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയപ്പോൾ അനുമതി നൽകാമെന്നാണ് അന്നത്തെ കശുഅണ്ടി വ്യവസായ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഫയലിൽ എഴുതിയത്. വകുപ്പ് സെക്രട്ടറിയും ഫയലിൽ ഇതേ നിലപാടെടുത്തു. എന്നാൽ മന്ത്രി ഒപ്പുവച്ച ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോഴാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. നിയമോപദേശത്തിന്റെ പഴുതിൽ പ്രതികൾക്കനുകൂലമായി തീരുമാനം മാറി. പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് തങ്ങൾക്കെതിരായ കേസ് നിലനിൽക്കില്ലെന്നതിനാൽ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയിലെത്തിയത്. എന്നാൽ പ്രതികളെ കേസുമായി ബന്ധിപ്പിക്കാനാവശ്യമായ തെളിവുകളുണ്ടെന്ന നിർണായക വെളിപ്പെടുത്തലോടെയാണ് അവരുടെ ഹർജികളും കോടതി തള്ളിയത്. ആർ. ചന്ദ്രശേഖരൻ, കെ.എ രതീഷ് തുടങ്ങിയവരെ പ്രതി ചേർത്ത് സി.ബി.ഐ കേസെടുത്തത് 2016 ജൂലായ് 27നായിരുന്നു. 5 വർഷത്തോളം എടുത്താണ് സി.ബി.ഐ കേസന്വേഷണം പൂർത്തിയാക്കിയത്. അഴിമതി നിരോധന നിയമപ്രകാരം ഒരു സർക്കാർ ഉദ്യോഗസ്ഥനോ സർക്കാർ ശമ്പളം കൈപ്പറ്റുന്നയാളോ അഴിമതിക്കേസിൽ പ്രതിയായാൽ പ്രോസിക്യൂഷൻ അനുമതി വേണമെന്ന 2018 ലെ ഭേദഗതി നിയമമാണ് പ്രതികളെ രക്ഷിക്കാൻ സർക്കാർ ആയുധമാക്കിയത്. 2006 മുതൽ 2015 മാർച്ച് വരെ നടന്ന തോട്ടണ്ടി ഇറക്കുമതി ഇടപാടുകൾ അന്വേഷിച്ച സി.ബി.ഐ, 75 കോടിയിലേറെ രൂപയുടെ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റെന്ന നിലയിൽ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമായ ആർ.ചന്ദ്രശേഖരൻ എക്കാലത്തും പിണറായി വിജയന്റെ വിശ്വസ്തനാണെന്നത് രഹസ്യമല്ല. കഴിഞ്ഞ 8 വർഷത്തെ പിണറായി ഭരണത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ നിന്ന് ഒരു പ്രസ്താവന പോലും ഇക്കാലത്തിനിടെ ഉണ്ടായിട്ടില്ലെന്നത് കോൺഗ്രസുകാർക്കിടയിൽ ഇപ്പോഴും സജീവ ചർച്ചയാണ്.