
കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ഗോപിക അനിലും ഭർത്താവും അവതാരകനും നടനുമായ ഗോവിന്ദ് പദ്മസൂര്യയും യാത്രാപ്രിയരാണ് . ഫുൾ ടൈം ട്രാവൽ മൂഡിലാണ് ഇരുവരും. യാത്രാവിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. കൊൽക്കത്തയിൽ നടത്തിയ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത് ശ്രദ്ധ നേടുന്നു. വിക്ടോറിയ മെമ്മോറിയലിന് അരികിൽ ജിപിയും ഗോപികയും നിൽക്കുന്നതാണ് ശ്രദ്ധേയ ചിത്രം. വിക്ടോറിയ രാഞ്ജിക്കായി പണിത ഇൗ മനോഹര സ്മാരകം സ്ഥിതി ചെയ്യുന്നത് ഹൂഗ്ളി നദിക്കരയിലാണ്. ഹൂഗ്ളി നദിക്കരയിൽനിന്ന് ചരിത്ര പ്രസിദ്ധമായ ഹൗറ പാലം കാണുന്ന രീതിയിലുള്ള ഒരു ചിത്രവും ജിപി പങ്കുവച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാന്റിലർ പാലമാണ്. രവീന്ദ്രസേതു എന്നും ഇൗ പാലം അറിയപ്പെടുന്നു. എം.ജി. ശശി സംവിധാനം ചെയ്ത അടയാളങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പദ്മസൂര്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഡാഡികൂൾ, ഐജി, വർഷം, പ്രേതം 2 എന്നിവയാണ് പ്രധാന ചിത്രങ്ങൾ.ബാല താരമായാണ് ഗോപിക സിനിമയിൽ എത്തിയത്. ശിവം എന്ന ബിജുമേനോൻ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ബാലേട്ടൻ സിനിമയിൽ മോഹൻലാലിന്റെ മകളായും അഭിനയിച്ചു. മയിലാട്ടം എന്ന ചിത്രത്തിലും ബാലതാരമായി വേഷമിട്ടു. കബനി എന്ന സീരിയലിലൂടെയാണ് മിനി സ്ക്രീൻ പ്രവേശം. സാന്ത്വനം സീരിയലിൽ അഞ്ജലി എന്ന കഥാപാത്രമായി മിനിസ്ക്രീനിൽ പ്രേക്ഷകരുടെ ഇഷ്ടം ഗോപിക നേടുകയും ചെയ്തു.