
പെട്ടെന്ന് പട്ടാള നിയമം പ്രഖ്യാപിക്കുന്നു. അധികാരം കൈയടക്കാൻ ശ്രമിച്ചാൽ ജനങ്ങളുടെ കോടതിയിൽ ഒരിക്കൽ നീതി നടപ്പാകുമെന്നതിന്റെ ഉദാഹരണമാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഇംപീച്ച്മെന്റ്
പെട്ടെന്നൊരു ദിവസം രാത്രി പട്ടാള നിയമം പ്രഖ്യാപിക്കുന്നു. രാഷ്ട്രീയ പ്രവർത്തനം നിരോധിക്കുന്നു. സൈന്യം പാർലമെന്റ് വളയുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ജനം തെരുവിലിറങ്ങുന്നു.... കെ - ഡ്രാമകൾക്കും പോപ്പ് ഗാനങ്ങൾക്കും പേരുകേട്ട ദക്ഷിണ കൊറിയയിൽ അരങ്ങേറിയ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഇങ്ങനെ. ഇതിനാണ് ഇന്നലെ പ്രസിഡന്റ് യൂൻ സുക് യോളിന്റെ ഇംപീച്ച്മെന്റിലൂടെ ക്ലൈമാക്സായത്. ഈ മാസം 3ന് ടെലിവിഷനിലൂടെയാണ് യൂൻ പട്ടാള നിയമം പ്രഖ്യാപിച്ചത്.
സ്വന്തം പാർട്ടി പോലുമറിയാതെയായിരുന്നു നീക്കം. പ്രതിപക്ഷം ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും ഭരണത്തെ ദുർബലപ്പെടുത്തുവെന്നും പറഞ്ഞാണ് യൂൻ നിയമം പ്രഖ്യാപിച്ചത്. പ്രതിപക്ഷ പാർട്ടികൾ രാജ്യവിരുദ്ധ നീക്കം നടത്തുകയാണെന്നും സർക്കാരിനെ പ്രതിസന്ധിയിലാക്കുകയാണെന്നും ആരോപിച്ചു. ഉത്തര കൊറിയൻ കമ്മ്യൂണിസ്റ്റ് ശക്തികളുടെ ഭീഷണിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും ക്രമസമാധാനം സംരക്ഷിക്കാൻ നിയമം അനിവാര്യമാണെന്നും വ്യക്തമാക്കി.
പക്ഷേ, ജനവും സ്വന്തം പാർട്ടിക്കാർ പോലും അടങ്ങിയിരുന്നില്ല. യൂനിന്റെ പ്രഖ്യാപനം വന്നതിനുപിന്നാലെ പാർലമെന്റിൽ നിയമം തടയുന്ന പ്രമേയം പ്രതിപക്ഷ എം.പിമാർ പാസാക്കി. നിയമം അസാധുവാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചു. ജനം പാർലമെന്റിന് പുറത്ത് തടിച്ചുകൂടി. തീരുമാനം തെറ്റാണെന്ന് സ്വന്തം പാർട്ടിയായ പീപ്പിൾ പവറിന്റെ അദ്ധ്യക്ഷൻ തുറന്നടിച്ചു. പ്രതിപക്ഷ എതിരാളികളെയും സ്വന്തം പാർട്ടി നേതാക്കളെയും അറസ്റ്റ് ചെയ്യാനും യൂൻ പദ്ധതിയിട്ടിരുന്നു.
പ്രതിഷേധത്തിനൊടുവിൽ ആറ് മണിക്കൂറിനുള്ളിൽ നിയമം പിൻവലിക്കാൻ യൂൻ നിർബന്ധിതനായി. അവിടം മുതൽ യൂനിന് തലവേദനയും തുടങ്ങി. പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങളും പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കി. ഭരണവിരുദ്ധ വികാരം തെരുവുകളിൽ മുഴങ്ങി. പ്രതിപക്ഷം പ്രസിഡന്റിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നു. വോട്ടെടടുപ്പിൽ നിന്ന് ഭരണപക്ഷ എം.പിമാർ ഇറങ്ങിപ്പോയതോടെ പരാജയപ്പെട്ടു. തത്കാലം രക്ഷപ്പെട്ടെന്ന് കരുതിയ യൂൻ മാപ്പ് പറഞ്ഞെങ്കിലും നീതി മന്ത്രാലയം അന്വേഷണം ആരംഭിച്ചു.
യൂനിന് വിദേശയാത്രാ വിലക്ക് ഏർപ്പെടുത്തി. പ്രതിരോധ, ആഭ്യന്തര മന്ത്രിമാർ തെറ്റ് ഏറ്റുപറഞ്ഞ് രാജിവച്ചു. ഇതിൽ അറസ്റ്റിലായ പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നിട്ടും യൂൻ അധികാരത്തിൽ കടിച്ചുതൂങ്ങി. ഇതിനിടെയാണ് രണ്ടാം ഇംപീച്ച്മെന്റ് നീക്കത്തിൽ യൂനിന് അടിപതറിയത്.
എന്തായിരുന്നു യൂനിന്റെ മനസിൽ? ആഭ്യന്തര സമർദ്ദങ്ങളും അഴിമതികളും മറയ്ക്കാനാണ് യൂൻ പട്ടാള നിയമം പ്രഖ്യാപിച്ചതെന്നാണ് ആരോപണം. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ബഡ്ജറ്റിനെച്ചൊല്ലി ഉടലെടുത്ത ഭിന്നതയും കാരണമായിട്ടുണ്ടാകാം. എന്തായാലും അധികാരം കൈയടക്കാൻ ശ്രമിച്ചാൽ ജനങ്ങളുടെ കോടതിയിൽ നീതി നടപ്പാക്കിയിരിക്കുമെന്നതിന്റെ ഉദാഹരണമാണ് ഈ ഇംപീച്ച്മെന്റ്.