pic

ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കമ്പനിയായ ഓപ്പൺ എ.ഐയ്ക്കെതിരെ രംഗത്തെത്തിയ മുൻ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യൻ വംശജനായ സുചിർ ബാലാജിയുടെ (26) മൃതദേഹം സാൻഫ്രാൻസിസ്‌കോയിലെ ഫ്ളാറ്റിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ സംശയാസ്‌പദമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നവംബർ 26നായിരുന്നു സംഭവം. എന്നാൽ ഇപ്പോഴാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സുചിറിനെ കുറിച്ച് വിവരം ലഭിക്കാതെ വന്നതോടെ സുഹൃത്തുക്കളും സഹപ്രവർത്തകരും അറിയിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

2020 നവംബർ മുതൽ കഴിഞ്ഞ ആഗസ്റ്റുവരെ ഓപ്പൺ എ.ഐയിലെ ഗവേഷകനായിരുന്നു സുചിർ. ഒക്ടോബറിൽ രാജിവച്ചു. പിന്നാലെ കമ്പനി പകർപ്പവകാശ നിയമങ്ങൾ ലംഘിക്കുകയാണെന്ന് സുചിർ ആരോപിച്ചു. ചാറ്റ് ജിപിടി അടക്കമുള്ള സാങ്കേതിക വിദ്യകൾ ഇന്റർനെറ്റിനെ ദോഷകരമായി ബാധിക്കുകയാണെന്നും വിമർശിച്ചു. 2022ലാണ് ചാറ്റ് ജിപിടി എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടിനെ അവതരിപ്പിച്ച് ഓപ്പൺ എ.ഐ സൈബർ ലോകത്ത് തരംഗം സൃഷ്ടിച്ചത്. സുചിറിന്റെ ആരോപണങ്ങൾക്കു പിന്നാലെ നിരവധി പേർ ഓപ്പൺ എ.ഐക്കെതിരെ പകർപ്പവകാശ ലംഘനത്തിന് കേസുകൾ ഫയൽ ചെയ്തിരുന്നു. ഇലോൺ മസ്‌കും സാം ആൾട്ട്മാനും ചേർന്നാണ് ഓപ്പൺ എ.ഐ സ്ഥാപിച്ചത്.