
എൻജിനിയറിംഗ് കോഴ്സ് പൂർത്തിയാക്കിയവർ രാജ്യത്തിനകത്തുനിന്നും, വിദേശ ബിസിനസ്സ് സ്കൂളുകളിൽ നിന്നും എം.ബി.എ ബിരുദം എടുക്കുന്ന പ്രവണത വർദ്ധിച്ചു വരുന്നു. എൻജിനിയറിംഗ് പൂർത്തിയാക്കിയവർക്ക് മാനേജീരിയൽ തലത്തിൽ പ്രവർത്തിക്കാൻ എം.ബി.എ ബിരുദം സഹായിക്കും. ഇതിനാൽതന്നെ, ബി.ടെക്ക് -എം.ബി.എ ഡ്യുവൽ ബിരുദ പ്രോഗ്രാമുകൾക്ക് പ്രസക്തിയേറുന്നു .ഇത് തൊഴിൽ ലഭ്യതമികവ് ഉയർത്തും.ഐ.ഐ.എം, മുംബൈ ഐ.ഐ.ടി ധൻബാദുമായും, ഐ.ഐ.ടി പാറ്റ്‌നയുമായി ചേർന്ന് ബി ടെക്കിലും മാനേജ്മെന്റിലും ഡ്യൂവൽ ഡിഗ്രി പ്രോഗ്രാം ആരംഭിക്കുന്നു. ബി.ടെക്കും എം.ബി.എ യും ചേർന്നുള്ള അഞ്ചു വർഷ ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമാണിത്. ബി ടെക് വിദ്യാർത്ഥികൾക്ക് ഐ.ഐ.എം മുംബൈയുമായി ചേർന്ന് എം.ബി.എ ക്കു പഠിക്കാം. മേൽ സൂചിപ്പിച്ച ഐ.ഐ.ടി കളിലെ 15 ബി.ടെക് വിദ്യാർത്ഥികൾക്ക് ഐ.ഐ.എം, മുംബൈയുമായി ചേർന്ന് എം.ബി.എ എടുക്കാം. ഇവർക്ക് പ്രവേശനത്തിന് കാറ്റ് സ്കോർ ആവശ്യമില്ല.എന്നാൽ 12 ഫൗണ്ടേഷൻ മാനേജ്‌മന്റ് കോഴ്സുകൾ 3 -7 സെമസ്റ്ററിനകം പൂർത്തിയാക്കണം. ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ചാണ് ഇന്റർ ഡിസിപ്ലിനറി കോഴ്സുകൾ ആരംഭിക്കുന്നത്.
പ്ലസ് ടു വിദ്യാർത്ഥികൾ ശ്രദ്ധിക്കാൻ
പ്ലസ് ടു ബോർഡ് പരീക്ഷയ്ക്ക് ഇനി രണ്ടു മാസം മാത്രമേയുള്ളൂ. വിദ്യാർത്ഥികൾ ചിട്ടയോടെയുള്ള തയ്യാറെടുപ്പ് നടത്തണം.സ്റ്റഡി ലീവ് പരമാവധി ഉപയോഗിക്കണം. മുൻ വർഷങ്ങളിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. തെറ്റ് വരുത്താൻ സാദ്ധ്യതയുള്ള ഭാഗങ്ങൾ നോട്ട് ബുക്കിൽ എഴുതിവയ്ക്കണം. ഇതിനായി തെറ്റ് ബുക്ക് എന്ന പേരിൽ ഒരു റഫറൻസ് ബുക്ക് വയ്ക്കുന്നത് നല്ലതാണ്. പരീക്ഷ ടൈംടേബിളിനനുസരിച്ച് പഠന ടൈംടേബിളുണ്ടാക്കാം.ഫിസിക്സ്, കെമിസ്ട്രി, കണക്ക്, കൊമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നിവ ചെയ്തു പഠിക്കണം. ബയോളജിയിലെ ചിത്രങ്ങളും വരച്ചു പഠിക്കണം.
പ്ലസ് ടുവിന് ശേഷമുള്ള ഉപരി പഠനവുമായി ബന്ധപ്പെട്ട കോഴ്‌സുകളുടെ പ്രവേശന, പ്രവേശന പരീക്ഷ വിജ്ഞാപനം പുറത്തിറങ്ങുന്ന സമയമാണിത്. രക്ഷിതാക്കൾ ശ്രദ്ധയോടെ നോട്ടിഫിക്കേഷൻ വിലയിരുത്തി ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണം.അടുത്ത നീറ്റ് യു.ജി പരീക്ഷ മേയ് അഞ്ചിനാണ്. ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. ജനുവരിയിലും, ഏപ്രിലിലും പരീക്ഷ നടക്കും. ഡിസൈൻ കോഴ്സുകളുടെ പരീക്ഷ ജനുവരി മുതൽ ആരംഭിക്കും. സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ കീം എൻജിനിയറിംഗ് നോട്ടിഫിക്കേഷൻ ജനുവരിയോടെ പുറത്തിറക്കും. ഡീംഡ് എൻജിനിയറിംഗ് കോളേജുകളുടെയും യൂണിവേഴ്സിറ്റികളുടെയും നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു തുടങ്ങി. സി.യു.ഇ.ടി -യു.ജി നോട്ടിഫിക്കേഷൻ ഉടൻ പ്രതീക്ഷിക്കാം. ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്ക് CUET -UG പരീക്ഷ ഏറെ പ്രയോജനപ്പെടും. ഇന്റഗ്രേറ്റഡ് നിയമ, മാനേജ്‌മെന്റ് പ്രോഗ്രാമുകൾക്കും അപേക്ഷിക്കാം.