pic

സോൾ: ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ച് വിവാദം സൃഷ്ടിച്ച പ്രസിഡന്റ് യൂൻ സുക് യോളിനെ (63) സസ്‌പെൻഡ് ചെയ്തു. ഇന്നലെ പാർലമെന്റിൽ ഇംപീച്ച് ചെയ്തതോടെയാണ് നടപടി. പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റു.

യൂനിനെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ ആഹ്ലാദ പ്രകടനവുമായി പതിനായിരങ്ങൾ തെരുവിൽ അണിനിരന്നു.

യൂനിന്റെ പാർട്ടി അംഗങ്ങൾ അടക്കം 204 എം.പിമാർ ഇംപീച്ച്മെന്റിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 85 പേർ എതിർത്തു. 3 പേർ വിട്ടുനിന്നു. 8 വോട്ട് അസാധുവായി. 300 അംഗ പാർലമെന്റിൽ പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിക്കാണ് ഭൂരിപക്ഷം (170 സീറ്റ്). മറ്റ് അഞ്ച് പാർട്ടികളും ചേരുമ്പോൾ പ്രതിപക്ഷത്ത് 192 എം.പിമാർ. യൂനിന്റെ പീപ്പിൾ പവർ പാർട്ടിക്ക് 108. ഇംപീച്ച്മെന്റ് പാസാകാൻ 200 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.


 പട്ടാള നിയമം വിനയായി


ഈ മാസം 3ന് രാത്രിയാണ് യൂൻ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത്. സമ്മർദ്ദം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളിൽ പിൻവലിച്ചു. പ്രതിപക്ഷ പാർട്ടികൾ ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നെന്നും ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും ആരോപിച്ചായിരുന്നു യൂൻ പട്ടാള നിയമം ഏർപ്പെടുത്തിയത്. ഈ മാസം 7നും യൂനിനെതിരെ ഇംപീച്ച്മെന്റ് നീക്കം നടന്നെങ്കിലും ഭരണപക്ഷ എം.പിമാർ ബഹിഷ്കരിച്ചതോടെ പരാജയപ്പെട്ടിരുന്നു.

-------

 വിചാരണ ചെയ്യും


1. ഭരണഘടനാ കോടതി യൂനിനെ വിചാരണ ചെയ്യും. വിചാരണ തീയതി നാളെ തീരുമാനിച്ചേക്കും

2. നടപടിക്രമം 180 ദിവസം വരെ നീണ്ടേക്കാം

3. കോടതിയിലെ 9 അംഗ ബെഞ്ചിലെ 6 പേർ യൂനിനെതിരെ വോട്ട് ചെയ്താൽ, അദ്ദേഹം പുറത്താകും. ഇല്ലെങ്കിൽ പദവിയിൽ തിരിച്ചെത്താം

4. യൂൻ പുറത്തായാലോ രാജി വച്ചാലോ 60 ദിവസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ്. അതുവരെ ഹാൻ ഡക്ക്-സൂ തുടരും


 യൂൻ സുക് യോൾ


 അഭിഭാഷകൻ

 2016ൽ അന്നത്തെ പ്രസിഡന്റ് പാർക്ക് ഗ്യൂൻ-ഹേയുടെ ഇംപീച്ച്മെന്റിനും പുറത്താക്കലിലേക്കും നയിച്ച അന്വേഷണത്തിന് നേതൃത്വം നൽകി

 ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന 2022ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ജയം

 ജനപ്രീതി കുറവ്. സാമ്പത്തിക നയം, വിവാദങ്ങൾ, അഴിമതി തുടങ്ങിയവയുടെ പേരിൽ ജനങ്ങൾക്കിടെ അതൃപ്തി. ഭാര്യ ആഡംബര ഹാൻഡ്ബാഗ് കൈപ്പറ്റിയതും വിവാദം

---------------------------------


 എന്റെ യാത്ര താത്കാലികമായി നിറുത്തുന്നു. അവസാനം വരെ രാജ്യത്തിനുവേണ്ടി നിലകൊള്ളും.

- യൂൻ സുക് യോൾ