
പുഷ്പ 2 സിനിമയുടെ റിലീസ് ദിവസം സ്ത്രീ മരണപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുൻ ഇന്നാണ് ജയിൽ മോചിതനായത്. വീട്ടിലെത്തിയ അല്ലുവിനെ കണ്ട് വികാരനിർഭരയായ ഭാര്യ സ്നേഹ റെഡ്ഡിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അല്ലുവിനെ കണ്ടതും സ്‌നേഹ ഓടിവന്ന് ആലിംഗനം ചെയ്യുകയും കരയുന്നതും വീഡിയോയിൽ കാണാം.
ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സാമന്ത. അല്ലു വീട്ടിലെത്തിയപ്പോൾ ഭാര്യ ആലിംഗനം ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചായിരുന്നു സാമന്തയുടെ പ്രതികരണം. 'ഞാൻ കരയുന്നില്ല, ഓക്കെ'- എന്നായിരുന്നു നടി കുറിച്ചത്. പോസ്റ്റിൽ അല്ലുവിനെയും ഭാര്യയെയും മെൻഷൻ ചെയ്തിട്ടുമുണ്ട്. ഒപ്പം കരയുന്ന ഇമോജികളും പങ്കുവച്ചിട്ടുണ്ട്.

പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്ക് ശേഷമുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ അല്ലു അർജുൻ ഇന്നു രാവിലെയാണ് ജയിൽ മോചിതനായത്. ഇടക്കാല ജാമ്യം അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് എത്തിച്ചതോടെയാണ് നടൻ ജയിൽ മോചിതനായത്. സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ചഞ്ചൽഗുഡ ജയിലിന്റെ പിൻഗേറ്റ് വഴിയാണ് താരം പുറത്തേക്ക് ഇറങ്ങിയത്. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റമാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. താരത്തിന് ഇന്നലെ തന്നെ ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും ഹൈക്കോടതിയിൽ നിന്ന് ഉത്തരവിന്റെ പകർപ്പ് ലഭിച്ചിരുന്നില്ല.
ഡിസംബർ നാലിന് രാത്രി 11ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ ഉണ്ടായ തിക്കും തിരക്കിലുമാണ് രേവതി (35) മരിച്ചത്. മകൻ ശ്രീതേജ (ഒൻപത്) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രീമിയർ ഷോയ്ക്ക് അല്ലു അർജുനും കുടുംബവും സിനിമാ സംഘവും എത്തിയതിന് പിന്നാലെയാണ് തിക്കുംതിരക്കും ഉണ്ടായത്.