pic

വാഷിംഗ്ടൺ: യു.എസിൽ അനധികൃതമായി കുടിയേറിയ 17,940 ഇന്ത്യക്കാർ നാടുകടത്തൽ ഭീഷണിയിൽ. ജനുവരി 20ന് ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കുന്നതിന് മുന്നോടിയായി ഇമിഗ്രേഷൻ ആൻഡ് കസ്​റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ) പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യമുള്ളത്. യു.എസിൽ അനധികൃതമായി താമസിക്കുന്ന ഏകദേശം 15 ലക്ഷം കുടിയേ​റ്റക്കാരാണ് നാടുകടത്തലിന്റെ വക്കിലുള്ളത്. അധികാരമേറ്റതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അനധികൃതമായി തങ്ങുന്ന ഇന്ത്യക്കാരിൽ കൂടുതലും ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് സ്വദേശികളാണ്.

ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചേക്കും. രാജ്യത്ത് നിന്ന് പുറത്താക്കപ്പെടുന്നവരെ സ്വീകരിക്കാൻ അവരുടെ രാജ്യങ്ങൾ തയ്യാറാകണമെന്നും യു.എസ് അധികൃതർ പറയുന്നു. യു.എസിലെ അനധികൃത കുടിയേറ്റക്കാരിൽ മെക്‌സിക്കോയ്ക്കും എൽ സാൽവഡോറിനും പിന്നിലാണ് ഇന്ത്യക്കാ‌ർ.

അതേ സമയം, 'നിസഹകരണ മനോഭാവമുള്ള " രാജ്യങ്ങളുടെ പട്ടികയിലാണ് ഐ.സി.ഇ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുള്ളത്. പൗരന്മാരെ സ്വീകരിക്കുന്നതിലെ കാലതാമസം അടക്കമുള്ള ഘടകങ്ങൾ മുൻനിറുത്തിയാണ് യു.എസ് ഇത്തരത്തിൽ വേർതിരിക്കുന്നത്. റഷ്യ, ചൈന, ഇറാൻ, പാകിസ്ഥാൻ തുടങ്ങി മറ്റ് 14 രാജ്യങ്ങളും ഈ പട്ടികയിലുണ്ട്.