
ഹൈദരാബാദ്: 'എട്ടാം കിരീടം ലക്ഷ്യമിട്ട് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിനായി കേരളം ഇന്നിറങ്ങുന്നു. ബി ഗ്രൂപ്പിലെ പോരട്ടത്തിൽ ഗോവയാണ് കേരളത്തിൻ്റെ എതിരാളികൾ. ഹൈദരാബാദിലെ ഡെക്കാൻ അരീനയിൽ രാവിലെ 9 മുതലാണ് മത്സരം. ഡൽഹി, മേഘാലയ ഒഡിഷ, തമിഴ്നാടു എന്നീ സംസ്ഥാനങ്ങളാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
കഴിഞ്ഞ തവണ അരുണാചൽ പ്രദേശിൽ ഗോവയോടേറ്റ തോൽവിയുടെ കണക്ക് തീർക്കാനുറച്ചാണ് സഞ്ജുവിന്റെ നേതൃത്വത്തിൽ കേരളം ബൂട്ടുകെട്ടുന്നത്. ബിബി തോമസാണ് കേരളത്തിന്റെ പരിശീലകൻ.
കോഴിക്കോട് നടന്ന പ്രാഥമിക റൗണ്ട് മത്സരത്തിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് കേരളം ഹൈദരാബാദിന് ടിക്കറ്റെടുത്തത്. പ്രാഥികറൗണ്ടിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ എതിർ വലകളിൽ അടിച്ച് കയറ്റിയിരുന്നു കേരളം. സഞ്ജുവിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിര ഒരു ഗോൾ പോലും വഴങ്ങിയതുമില്ല. പ്രാഥമിക റൗണ്ടിലെ തകർപ്പൻ പ്രകടനം നൽകുന്ന ആത്മവിശ്വാസം ഹൈദരാബാദിൽ യുവതാരങ്ങൾ നിറഞ്ഞ കേരളത്തിന് ഊർജ്ജമാകുമെന്നാണ് പ്രതീക്ഷ.
പ്രാഥമിക റൗണ്ടിന് ശേഷം കാസർകോട്ടും മംഗലാപുരത്തുമായിരുന്നു കേരളം മുന്നൊരുക്കം നടത്തിയത്. നിലവിൽ താരങ്ങൾക്കാർക്കും പരിക്കില്ലെന്നത് ശുഭസൂചനയാണ്. ഹൈദരാബാദിലെ കാലാവസ്ഥമാത്രമാണ് നിലവിൽ കേരളത്തിന് പ്രതികൂലഘടകമായുള്ളത്.
ഇന്ന് 2.30ന് തുടങ്ങുന്ന മത്സരത്തിൽ തമിഴ്‌നാട് മേഘാലയേയും 7.30 ന് തുടങ്ങുന്ന പോരാട്ടത്തിൽ ഡൽഹി ഒഡിഷയേയും നേരിടും.
കേരളാ ടീം
ഗോൾകീപ്പർമാർ -എസ്.ഹജ്മൽ , കെ.മുഹമ്മദ് അസ്ഹർ, കെ.മുഹമ്മദ് നിയാസ് .
പ്രതിരോധ നിര- മുഹമ്മദ് അസ്ലം , ജോസഫ് ജസ്റ്റിൻ, ആദിൽ അമൽ,  എം.മനോജ് , പി.ടി മുഹമ്മദ് റിയാസ് , ജി.സഞ്ജു , മുഹമ്മദ് മുഷറഫ്.
മദ്ധ്യനിര -ക്രിസ്റ്റി ഡേവിസ് , മുഹമ്മദ് അഷ്റഫ്, പി.പി മുഹമ്മദ് റോഷൽ, നസീബ് റഹ്മാൻ, സൽമാൻ കള്ളിയത്ത്, നിജോ ഗിൽബർട്ട്  , മുഹമ്മദ് റിഷാദ് ഗഫൂർ.
മുന്നേറ്റ നിര-ടി.ഷിജിൻ , ഇ.സജീഷ്, മുഹമ്മദ് അജ്സൽ , വി.അർജുൻ, ഗനി നിഗം.
മണിപ്പൂരിന് ജയം
സന്തോഷ് ട്രോഫിയിൽ ഇന്നലെ ഗ്രൂപ്പ് എയിലെ ആദ്യ മത്സരങ്ങൾ നടന്നു. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ മണിപ്പൂർ 1-0ത്തിന് സർവീസസിനെ കീഴടക്കി. മറ്റൊരു മത്സരത്തിൽ തെലങ്കാനയും രാജസ്ഥാനും 1-1ന് സമനിലയിൽ പിരിഞ്ഞു.