clay

മാലയിട്ട് കഠിനവ്രതം നോറ്റ്, കാനനവാസനായ ശബരിമല അയ്യപ്പസ്വാമിയെ കാണാനായി ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർ ശബരീശ സന്നിധാനത്തിൽ എത്തുന്ന കാലമാണ് ഇപ്പോൾ. അയ്യപ്പഭക്തി തുളുമ്പുന്ന വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ സ്‌റ്റാറ്റസാക്കുന്നവർ ഈ സമയം ഏറെയാണ്. ഇത്തവണ മണ്ഡല തീർത്ഥാടനകാലത്ത് ഇത്തരത്തിൽ നിരവധിപേർ കണ്ടിട്ടുള്ളൊരു വീഡിയോയാണ് മന്ദസ്‌മിതത്തോടെയുള്ള സ്വാമി അയ്യപ്പന്റെ ഒരു കളിമൺ ശിൽപത്തിന്റെ നിർമ്മാണം.

ശിൽപി മലയാളിയല്ല തമിഴ് പൊണ്ണ്

കളിമൺ ശിൽപം നിർമ്മിക്കുന്നത് ഒരു പെൺകുട്ടിയാണ്. മലയാളിയല്ല തമിഴ്‌നാട് സ്വദേശിനിയാണ് ഈ ശിൽപി. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലെ കീഴ്‌ക്കുടി എന്ന ഗ്രാമത്തിൽ നിന്നുളള ബൂമതി എന്ന പെൺകുട്ടിയാണ് വീഡിയോയിൽ സ്വാമി അയ്യപ്പന്റെ ശിൽപം നിർമ്മിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ആറര ലക്ഷം പേരാണ് ശിൽപം നി‌ർമ്മിച്ച ഷോർട്‌സ് വീഡിയോ കണ്ടത്. നിരവധിപേരാണ് ഈ വീഡിയോകൾക്ക് നല്ല അഭിപ്രായം അറിയിച്ചത്.

ഏകദേശം എട്ട് വർഷത്തോളമായി ബൂമതി കളിമൺ പ്രതിമകളും ശിൽപങ്ങളും നിർമ്മിക്കുന്നുണ്ട്. കൂടുതലും ഈശ്വര രൂപങ്ങളാണ് നിർമ്മിച്ചതെങ്കിലും അതല്ലാതെ രാഷ്‌ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ രൂപങ്ങളും നിർമ്മിച്ചിട്ടുണ്ട്. അയ്യപ്പസ്വാമിക്ക് പുറമേ ദേവീരൂപങ്ങളും വിനായകൻ, മധുരമീനാക്ഷി, ആദിയോഗി ശിൽപം എന്നിവയും പ്രശസ്‌തരിൽ ഷിർദ്ദി സായിബാബ, എപിജെ അബ്‌ദുൾകലാം, നടൻ വിജയകാന്ത് എന്നിവരുടെ രൂപങ്ങളും ബൂമതി നിർമ്മിച്ചു.

ഓരോ ശിൽപവും നിർമ്മിക്കുന്നത് തന്റെ യൂട്യൂബ് ചാനലിലൂടെ ബൂമതി പങ്കുവച്ചിട്ടുമുണ്ട്. ഒന്നര കോടി വ്യൂവ്‌സ് ലഭ്യമായി വൈറലായ ശിൽപ നിർമ്മാണ വീഡിയോകളുണ്ട് ഇക്കൂട്ടത്തിൽ. വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ബൂമതിയ്‌ക്ക് തമിഴ്‌നാടിന് പുറത്തുനിന്നും ഓർഡറുകൾ കിട്ടിത്തുടങ്ങി.

ഗുരുവായ അച്ഛൻ

തമിഴ്‌നാട്ടിലും കേരളത്തിലും ഒപ്പം ബംഗളൂരുവിൽ നിന്നും മുംബയിൽ നിന്നടക്കം ബൂമതിയ്‌ക്ക് കളിമൺ പ്രതിമ നി‌ർമ്മാണത്തിന് ഓർഡർ വന്നുതുടങ്ങി. ഒരടി നീളമുള്ള ശിൽപത്തിന് ഏകദേശം 6000 രൂപയോളമാണ് ഫീസ്. മൂന്നടിയെങ്കിൽ 20,000 രൂപയാകും. ഇതോടൊപ്പം ഓരോ ശിൽപത്തിലും അധികമായി ഭംഗിവരുത്തുന്നത് കൂടുമ്പോൾ തുക വ്യത്യാസം വരും. കൂടുതൽ അലങ്കാരങ്ങളുള്ളപ്പോൾ അദ്ധ്വാനവും ഏറെയാണ് എന്നതിനാലാണിത്. കളിമൺ ശിൽപിയും ആ‌ർട്ടിസ്‌റ്റുമായ പിതാവ് മെയ്യനാഥൻ ആണ് ബൂമതിയുടെ ശിൽപവിദ്യയിലെ ഗുരു. അമ്മ ഗാന്ധിയും സഹായവും പിന്തുണയുമായി ഒപ്പമുണ്ട്.