
കൊൽക്കത്ത: ഐഎസ്എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയിന്റ്സിനെതിരെ ലീഡ് നേടിയ കേരളം അവസാന നിമിഷങ്ങളിൽ വഴങ്ങിയ ഗോളുകളിൽ കളികൈവിട്ടു. 3-2നാണ് ബഗാന്റെ ജയം. ബ്ലാസ്റ്റേഴ്സിനായി ഹെസ്യൂസ് ജിമിനെസ്, മിലോസ് ഡ്രിൻസിച്ച് എന്നിവർ ഗോളടിച്ചു. ബഗാനായി ജാമി മക്ലാരൻ, ജാസൺ കമ്മിംഗ്സ്, ആൽബർട്ടോ റോഡ്രിഗസ് എന്നിവരും ഗോൾ നേടി. 12 കളിയിൽ 11 പോയിന്റുമായി പത്താമതാണ് ബ്ലാസ്റ്റേഴ്സ്. ഒന്നാം സ്ഥാനത്തുള്ള ബഗാനാണ് 11 മത്സരങ്ങളിൽ നിന്ന് 26 പോയിന്റായി.
ആദ്യത്തെ 15 മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനായിരുന്നു ആധിപത്യം. ഇരുപത്തിയാറാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ പെനാൽറ്റി ആവശ്യം റഫറി തള്ളി. 32ാം മിനിറ്റിൽ മക്ലാരൻ ബഗാന് ലീഡ് നൽകി.
എന്നാൽ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് മിന്നി. ജിമിനെസിന്റ തകർപ്പൻ ഗോളിൽ 51ാം മിനിട്ടിൽ സമനില. 77ാം മിനിറ്റിൽ ഡ്രിൻസിച്ച് ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചു.എന്നാൽ പൊരുതിക്കളിച്ച ബഗാനെ 86ാം മിനിട്ടിൽ കമ്മിൻസ് ഒപ്പമെത്തച്ചു. സമനിലയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിച്ചിരിക്കേ രണ്ടാ പകുതിയുടെ അധികസമയത്ത് (90+5) ആൽബർട്ടോയുടെ ബുള്ളറ്റ് ഷോട്ട് ബഗാന്റെ ജയമുറപ്പിക്കുകയായിരുന്നു. ബോക്സിന് പുറത്ത് നിന്ന് ആൽബർട്ടോ തൊടുത്ത അതിശക്തമായ വലങ്കാലൻ ഷോട്ട് ഡ്രിൻസിച്ചിന്റെ ദേഹത്തു തട്ടി വലയിൽ പതിക്കുകയായിരുന്നു.