nayans

കരിയറിന്റെ തുടക്കത്തിൽ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നുപറഞ്ഞ് തെന്നിന്ത്യൻ നായിക നയൻതാര. മലയാളത്തിൽ ആദ്യകാലത്ത് അഭിനയിച്ച ഫാസിൽ സംവിധാനം ചെയ്ത വിസ്മയതുമ്പത്ത് എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്തുണ്ടായ അനുഭവമാണ് നയൻതാര വിവരിച്ചത്. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

മോഹൻലാൽ ആയിരുന്നു വിസ്മയതുമ്പത്തിലെ നായകൻ. ചിത്രത്തിൽ റീത്ത എന്ന കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഫാസിൽ വളരെയധികം അസ്വസ്ഥനായിരുന്നു​,​ അദ്ദേഹത്തിന് എന്നോട് ദേഷ്യം തോന്നിയിരുന്നു . നിങ്ങളെക്കൊണ്ട് എനിക്കിത് ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ഞാൻ പറയുന്നതൊന്നും നിനക്ക് മനസിലാവുന്നില്ല. ഒന്നാമത്തെ കാര്യം. മലയാളത്തിലല്ല ഞാൻ ചിന്തിക്കുന്നത്. സിനിമയുടെ ഭാഷ നമ്മൾ സംസാരിക്കുന്ന ഭാഷയിൽ നിന്ന വ്യത്യസ്തമാണ്. എന്നായിരുന്നു ഫാസിൽ പറഞ്ഞതെന്ന് നയൻതാര ഓർമ്മിക്കുന്നു. കഥാപാത്രത്തിന്റെ ആന്തരികമായ അംശങ്ങൾ മനസിലാക്കുന്നതിൽ താൻ പരാജയപ്പെട്ടപ്പോൾ ഫാസിലിന് ക്ഷമ നശിച്ചുവെന്നും നയൻതാര പറഞ്ഞു. ഇതറിഞ്ഞ മോഹൻലാൽ സാറും തന്നോട് സംസാരിക്കാൻ ശ്രമിച്ചതായി നയൻതാര പറഞ്ഞു. നയൻ നിങ്ങൾ ഉള്ളിൽ നിന്ന് വികാരത്തോടെ ചെയ്യണം എന്നായിരുന്നു മോഹൻലാൽ സാർ പറഞ്ഞുകൊണ്ടിരുന്നത്. ഇതോടെ എനിക്ക് ശരിക്കും ദേഷ്യം വരാൻ തുടങ്ങി.

ഒടുവിൽ തനിക്ക് എന്താണ് ചെയ്യേണ്ടത് എന്നു പോലും അറിയില്ല എന്ന് മറുപടി നൽകിയതായി നടി വെളിപ്പെടുത്തി. ഞാൻ പറയുന്ന ഡയലോഗ് പോലും എനിക്കറിയില്ല. നിങ്ങൾ എന്നോട് ഇവിടെ നിൽക്കാൻ പറയുന്നു, ആ വാക്ക് കേട്ട് പ്രണയത്തിൽ ആവുക,​ കണ്ണുനീർ പൊഴിക്കുക, എന്തിൽ നിന്നാണ് നിങ്ങൾ എന്നോട് വികാരം പ്രകടിപ്പിക്കാൻ ആവശ്യപ്പെടുന്നത്? എന്റെ ഉള്ളിൽ ഒന്നുമില്ല. എന്റെ ഉള്ളിൽ ഒന്നുമില്ല. എന്റെ ഉള്ളിൽ ഭയം മാത്രമേയുള്ളൂ. തന്റെ വാക്കുകളും പെട്ടെന്നുള്ള പൊട്ടിത്തെറിയും കേട്ട് മോഹൻലാൽ ചിരിച്ചുകൊണ്ട് ഒരു ഇടവേള എടുക്കാൻ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നും നടി വിവരിച്ചു.

പിന്നീട് രണ്ട് മണിക്കൂറുകൾക്ക് ശേഷം ഫാസിൽ സാർ അടുത്തു വന്ന് നിന്നെ എനിക്ക് വിശ്വാസമാണെന്നും . ഇനിയും വിശ്വസിക്കാൻ പോവുകയാണെന്നും പറഞ്ഞു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ അദ്ദേഹത്തെ തൃപ്തിപെടുത്താൻ ശ്രമിച്ചുവെന്നും ഒടുവിൽ അത് നടന്നുവെന്നും നയൻതാര കൂട്ടിച്ചേർത്തു

2004-ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ വിസ്മയത്തുമ്പത്തിൽ അലഞ്ഞുതിരിയുന്ന ആത്മാക്കളുമായി ഇടപഴകാൻ കഴിയുന്ന ആറാം ഇന്ദ്രിയമുള്ള വ്യക്തിയായാണ് മോഹൻലാൽ എത്തിയത്.

മലയാളത്തിലൂടെയാണ് അങ്ങേറിയതെങ്കിലും നയൻതാര പിന്നീട് തമിഴിലേക്ക് കൂടുമാറുകയായിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെയായിരുന്നു നയൻതാരയുടെ നായികയായുള്ള അരങ്ങേറ്റം. പിന്നീട് തമിഴിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിരുന്നു. തെന്നിന്ത്യൻ സിനിമയിൽ തന്നെ നിലവിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻതാര.