
ന്യൂയോർക്ക്: എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവർ ഏറെയാണ്. അത്തരത്തിൽ എരിവുള്ള ഭക്ഷണത്തിന്റെ ആരാധകനാണ് യു.എസിലെ കാലിഫോർണിയയിലെ സാൻഡിയാഗോയിലുള്ള ഗ്രിഗറി ഫോസ്റ്റർ. വീട്ടിൽ സ്വന്തമായി മുളക് കൃഷി പോലുമുണ്ട് ഇദ്ദേഹത്തിന്.
ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ ' ഗോസ്‌റ്റ് പെപ്പർ " (ഭൂത് ജൊലോകിയ) മുളക് കഴിച്ചതിന്റെ ഗിന്നസ് ലോക റെക്കാഡ് ഇദ്ദേഹത്തിനാണ്. 110.50 ഗ്രാം ഗോസ്‌റ്റ് പെപ്പറാണ് ( 17 എണ്ണം) ഇദ്ദേഹം ഒറ്റയടിക്ക് അകത്താക്കിയത്. കാനഡക്കാരനായ മൈക്ക് ജാക്കിന്റെ റെക്കാഡാണ് ഗ്രിഗറി തകർത്തത്.
2019ൽ 97 ഗ്രാം മുളകായിരുന്നു ജാക്ക് കഴിച്ചത്. ഏകദേശം 10,00,000ത്തിലേറെ സ്കോവിൽ സ്കെയിൽ യൂണിറ്റ് എരിവോട് കൂടിയ മുളകാണ് ഗോസ്‌റ്റ് പെപ്പർ. ഒരു മിനിറ്റിൽ 1.7 കോടി സ്കോവിൽ സ്കെയിൽ യൂണിറ്റ് എരിവാണ് ഗ്രിഗറിയുടെ ഉള്ളിലെത്തിയത്. സാധാരണ നല്ല എരിവോട് കൂടിയ പിരി പിരി മുളകിന് 50,000 -175,000 സ്കോവിൽ സ്കെയിൽ യൂണിറ്റ് എരിവാണുള്ളത്. !
ലോകത്തെ ഏറ്റവും വീര്യമേറിയ മുളക് ഇനങ്ങളിലൊന്നാണ് വടക്കുകിഴക്കൻ ഇന്ത്യയിൽ കൃഷി ചെയ്യുന്ന ഗോസ്‌റ്റ് പെപ്പർ. 2021 നവംബറിലാണ് ഇദ്ദേഹം റെക്കാഡ് സ്ഥാപിച്ചത്. എരിവ് കൂടിയ മറ്റൊരു മുളക് ഇനമായ കാരലൈന റീപ്പറും ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ കഴിച്ചത് ഗ്രിഗറിയാണ് ( 120 ഗ്രാം).
സ്ഥിരം മുളക് കഴിച്ച് ശീലിച്ചതിനാലാണ് തനിക്ക് ഇത്തരം നേട്ടങ്ങൾ കൈവരിക്കാനായതെന്ന് ഗ്രിഗറി പറയുന്നു. മുളകിനോടുള്ള ഇഷ്ടം കൊണ്ട് 'ഇൻഫേർണോ ഫാംസ്" എന്ന പേരിൽ ഹോട്ട് സോസ് കമ്പനിയും ഗ്രിഗറി മുമ്പ് തുടങ്ങിയിരുന്നു.