
പത്തനംതിട്ട: കോന്നി കൂടൽ മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തിൽ നവദമ്പതികൾ ഉൾപ്പെടെ ഒരുകുടുംബത്തിലെ നാലുപേർ മരിച്ചു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി ജോർജ് എന്നിവരാണ് മരിച്ചത്.
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.
അനുവും നിഖിലും ദമ്പതികളാണ്. ഇക്കഴിഞ്ഞ നവംബർ മുപ്പതിനായിരുന്നു ഇവരുടെ വിവാഹം. മലേഷ്യയിൽ മധുവിധുവിന് പോയ ശേഷം മടങ്ങിയെത്തിയതായിരുന്നു ഇരുവരും. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ബിജുവും മത്തായി ഈപ്പനും. കാനഡയിലാണ് നിഖിൽ ജോലി ചെയ്യുന്നത്. മധുവിധുകഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങാൻ തയ്യാറെടുക്കുകയായിരുന്നു നിഖിൽ.
അനുവിന്റെ പിതാവാണ് ബിജു. മത്തായി ഈപ്പൻ നിഖിലിന്റെ പിതാവാണ്. ഇവരിൽ അനു ഒഴികെ ബാക്കിയുള്ളവർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അനുവിനെ നാട്ടുകാർ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആന്ധ്രയിൽ നിന്നുളള അയ്യപ്പഭക്തരാണ് ബസിൽ ഉണ്ടായിരുന്നത്. കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അപകടത്തിൽ മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുളളവരെ പുറത്തെടുത്തത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തുടർന്ന് പൊലീസും ഫയർഫോഴ്സും എത്തിച്ചേർന്നു.
ഡ്രൈവർ ഉറങ്ങിപ്പാേയതാകാം അപകടകാരണമെന്നാണ് കരുതുന്നത്. കാർ അമിത വേഗതയിലായിരുന്നോ എന്നും സംശയമുണ്ട്. പത്തനംതിട്ട എസ് പി സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇവിടെ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറയുന്നത്.