accident

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിന്റെ എഫ്ഐആർ പുറത്ത്. അലക്ഷ്യമായി കാറോടിച്ചതാണ് അപകടത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. കോന്നി കൂടൽ മുറിഞ്ഞകല്ലിൽ ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മല്ലശ്ശേരി സ്വദേശികളും നവദമ്പതികളുമായ അനു, നിഖിൽ എന്നിവരും ഇവരുടെ അച്ഛൻമാരായ മത്തായി ഈപ്പൻ, ബിജു പി ജോർജ് എന്നിവരുമാണ് മരിച്ചത്. നാല് പേരുടെയും മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിഖിലിന്റെ സഹോദരി വിദേശത്ത് നിന്ന് എത്തിയതിനുശേഷമായിരിക്കും സംസ്കാരം.

സംഭവത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാറും പ്രതികരിച്ചിട്ടുണ്ട്. ദാരുണമായ സംഭവമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'കാറോടിച്ചയാൾ ഉറങ്ങിപ്പോയെന്നാണ് പ്രാഥമിക നിഗമനം. ശബരിമല സീസണാണ്. അവരവർ സൂക്ഷിക്കണം. വാഹനമോടിക്കുമ്പോൾ ഉറക്കം വന്നാൽ ഉറങ്ങിയതിനുശേഷം യാത്ര തുടരുകയെന്ന സംസ്‌കാരമാണ് ഉണ്ടാകേണ്ടത്. എല്ലാവരും ശ്രദ്ധിക്കുക. പാലക്കാട് നടന്ന അപകടവും പ്രധാനപ്പെട്ടതായിരുന്നു. മിക്ക അപകടങ്ങളും അശ്രദ്ധ കാരണമാണ് ഉണ്ടാകുന്നത്.

അടുത്തിടെ കേരളത്തിൽ അപകടങ്ങൾ വർദ്ധിക്കുകയാണ്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഉടൻ തന്നെ വലിയൊരു ഡ്രൈവ് ഇതിനായി നടത്തും. കൂടാതെ വാഹനമോടിക്കുമ്പോൾ അവനവൻ പാലിക്കേണ്ട ചില അച്ചടക്കങ്ങൾ ഉണ്ട്. നന്നായി ഉറങ്ങിയതിനുശേഷം വാഹനമോടിക്കുക. കെഎസ്ആർടിസി ജീവനക്കാർക്ക് വിശ്രമിക്കാനായി പ്രത്യേക മുറികൾ ഉണ്ടാക്കുന്നുണ്ട്. പുനലൂർ- മൂവാ​റ്റുപുഴ റോഡിന് യാതൊരു അപാകതയുമില്ല. പാലക്കാട്ടെ അപകടം റോഡിന്റെ അപാകത മൂലമായിരുന്നു. അത് പരിഹരിക്കാൻ നടപടിയെടുത്തിട്ടുണ്ട്. കെഎസ്ആർടിസി സ്വിഫ്​റ്റ് ബസുകൾ കാരണമാണ് കൂടുതൽ അപകടവും സംഭവിക്കുന്നത്. അതുകൊണ്ട് ഡ്രൈവർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്'- മന്ത്രി പറഞ്ഞു.


കഴിഞ്ഞ മാസം 30നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം. മലേഷ്യയിൽ മധുവിധുവിന് പോയ ശേഷം മടങ്ങിയെത്തിയതായിരുന്നു ഇരുവരും. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ബിജുവും മത്തായി ഈപ്പനും. കാനഡയിലാണ് നിഖിൽ ജോലി ചെയ്യുന്നത്. അനു ഒഴികെ ബാക്കിയുള്ളവർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അനുവിനെ നാട്ടുകാർ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആന്ധ്രയിൽ നിന്നുളള അയ്യപ്പഭക്തരാണ് ബസിൽ ഉണ്ടായിരുന്നത്. കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അപകടത്തിൽ മാരുതി സ്വിഫ്​റ്റ് കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുളളവരെ പുറത്തെടുത്തത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മേഖലയിൽ സ്ഥിരം അപകടങ്ങൾ നടക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.