
"പ്ലാനറ്റ് സെർച്ച് വിത്ത് എംഎസ്" എന്ന യുട്യൂബിന്റെ പുതിയ എപ്പിസോഡ് പായൽ കപാടിയയുടെ "All We Imagine as Light" എന്ന സിനിമയുടെ റിവ്യൂ ആണ്. തൊണ്ണൂറു ശതമാനവും മലയാള ഭാഷയിലുള്ള ഈ സിനിമ ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിക്കുകയും, ചർച്ച ചെയ്യപ്പെടുകയും, അവാർഡുകൾ വാരിക്കൂട്ടുകയുമാണ്. മുഖ്യമായും മലയാളവും, പിന്നെ മറാത്തിയും, ഹിന്ദിയും ഭാഷയായുള്ള, ലോക പ്രസിദ്ധമായ കാൻ ഫിലിം ഫെസ്റ്റിവലിൽ നിന്നും ഗ്രാന്റ് പ്രി അവാർഡ് നേടിയ പായൽ കപാടിയ സംവിധാനം ചെയ്ത All We Imagine As Light എന്ന സിനിമ.
കനി കുസൃതിയും, ദിവ്യ പ്രഭയും ഛായ കദവും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമയിൽ ഹൃദു ഹറൂൺ, അസീസ് നെടുമങ്ങാട് എന്നീ മലയാളികളായ മറ്റു അഭിനേതാക്കളും മുൻ നിരയിൽ ഉണ്ട്. അവാർഡുകൾ ഇങ്ങനെ തുടരെ വന്നു ചേരുകയാണ് പായൽ കപാടിയ ചിത്രത്തിലേക്ക്.
ഇപ്പോൾ നടക്കുന്ന കേരളത്തിലെ 29-മത് IFFK നൽകുന്ന അഞ്ച് ലക്ഷം രൂപയുടെ “സ്പിരിറ്റ് ഓഫ് സിനിമ” അവാർഡുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി അവാർഡുകൾ ചിത്രം നേടുകയുണ്ടായി. ഹോളിവുഡിലെ പ്രസിദ്ധമായ ഗോൾഡൻ ഗ്ലോബ് അവാർഡിനുള്ള 2 നോമിനേഷനാണ് അവസാനം ചിത്രത്തെ തേടിയെത്തിയത്.
ബ്രിട്ടനിലും, അമേരിക്കയിലും മറ്റു പല രാജ്യങ്ങളിലും ഈ ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ റിലീസായിരിക്കയാണ്. മീരാ നായരുടെ സലാം ബോംബേയ്ക്ക് ശേഷം ആദ്യമായാണ് ഇത്രയും വ്യാപകമായി ഒരിന്ത്യൻ ചിത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിലീസാകുന്നത്. അതിന് മുൻപു തന്നെ കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും All We Imagine As Light റിലീസാകുകയുണ്ടായി.
2700 പേർക്കിരിക്കാവുന്ന ലണ്ടനിലെ പ്രസിദ്ധമായ റോയൽ ഫെസ്റ്റിവൽ ഹാളിലാണ് ലണ്ടൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഈ ചിത്രം ഒക്ടോബർ മാസം ആദ്യം പ്രദർശിപ്പിച്ചത്. അന്ന് കനി കുസൃതി ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം അവതരിപ്പിച്ച് സംസാരിച്ച് താര പദവിയിൽ തിളങ്ങി.