
വിഴിഞ്ഞം: വർഷങ്ങൾക്ക് മുൻപ് ലക്ഷപ്രഭു,ഇന്ന് ജീവിക്കാൻ ലോട്ടറി വിൽക്കുന്നു. വിഴിഞ്ഞം കിടാരക്കുഴി കിടന്നൂർമേലെ വീട്ടിൽ സുരേന്ദ്രനാണ് (58) ഒൻപത് വർഷം മുൻപ് സംസ്ഥാന സർക്കാരിന്റെ ധനശ്രീ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.എടുത്തയാൾ വാങ്ങാതെ തിരികെയേൽപ്പിച്ച ടിക്കറ്റാണ് സുരേന്ദ്രനെ അന്ന് ലക്ഷപ്രഭുവാക്കിയത്.ആ മാസം തന്നെ മറ്റൊരു ഭാഗ്യവും സുരേന്ദ്രനെ തേടിയെത്തി.രണ്ടുമക്കളിൽ ഇളയമകൻ സുധീഷിന് ഇന്ത്യൻ സേനയിൽ ജോലി ലഭിച്ചു.
14 വർഷമായി ലോട്ടറി കച്ചവടവും പെയിന്റിംഗ് ജോലിയുമായി കുടുംബം പുലർത്തുകയായിരുന്നു സുരേന്ദ്രൻ അന്ന്. ഇടയ്ക്ക് ലോട്ടറി ടിക്കറ്റ് വില്പന കുറഞ്ഞതോടെ എടുത്തവ വിറ്റുപോവാതെ ഒന്നര ലക്ഷത്തിന്റെ കടമായി. തുടർന്ന് ഭാഗ്യക്കച്ചവടം നിറുത്താമെന്ന് കരുതിയിരിക്കെയാണ് ഒന്നാം സമ്മാനം തേടിയെത്തുന്നത്. ടാക്സ് ഒഴിച്ച് കൈയിൽ കിട്ടിയ 40 ലക്ഷം രൂപയിൽ 5 ലക്ഷം രൂപ നിർദ്ധനർക്കായി വീതിച്ചുനൽകി. ബാക്കിത്തുകയിൽ സ്ഥലവും വാങ്ങി വീടും വച്ചു. 2 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചെങ്കിലും കൊവിഡ് കാലത്ത് നിത്യച്ചെലവിനായി എടുത്തു.
ഇപ്പോൾ എല്ലാ ദിവസവും വൈകിട്ട് ലോട്ടറിയുമായി ഭാഗ്യവാന്മാരെ തേടി റോഡിലിറങ്ങും. നറുക്കെടുപ്പിന് സമയമാകുമ്പോൾ മിച്ചം വരുന്ന ടിക്കറ്റ് വില കുറച്ചു നൽകും. ഇത് മുടക്കുമുതൽ തിരികെ പിടിക്കാനും വീണ്ടും കടക്കാരനാവാതിരിക്കാനുമാണ്. 5 സീരിസായിരുന്ന ടിക്കറ്റ് 12 സീരിസായതോടെ സമ്മാനങ്ങളുടെ എണ്ണം കുറഞ്ഞെന്ന് സുരേന്ദ്രൻ പറയുന്നു. ഭാര്യ ശാന്തകുമാരിക്കും മൂത്തമകൻ ശ്രീജിത്തിനുമൊപ്പമാണ് താമസം.