yogi-adityanath

മുംബയ്: അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിച്ച തൊഴിലാളികളെ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരിക്കുകയാണ് ചെയ്തതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താജ്മഹൽ നിർമിച്ച തൊഴിലാളികളുടെ കൈകൾ വെട്ടിമാറ്റിയ ചരിത്രവും ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മുംബയിൽ വേൾഡ് ഹിന്ദു എക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു യോഗി.

'ജനുവരി 22ന് അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ മോദി എന്താണ് ചെയ്തതെന്ന് നിങ്ങൾ കണ്ടതാണ്. രാമക്ഷേത്രം നിർമിച്ച തൊഴിലാളികളെ അദ്ദേഹം ആദരിച്ചു. അതേസമയം, താജ്മഹൽ നിർമിച്ചവരുടെ കൈകൾ മുറിച്ചുമാ​റ്റുകയായിരുന്നു. അത് നമ്മുടെ പാരമ്പര്യത്തെയും പൈതൃകത്തെയും തകർത്തു. ഇന്ന് ഇന്ത്യയിൽ എല്ലാ തൊഴിലാളികളെയും ബഹുമാനിക്കുന്നുണ്ട്. അവർക്കാവശ്യമായ സംരക്ഷണവും നൽകുന്നുണ്ട്.

ഉത്തർപ്രദേശ്, പൈതൃകത്തിന്റെയും വികസനത്തിന്റെയും മിശ്രിതമാണ്. നമ്മുടെ പൈതൃകത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഭീകരവാദത്തിനുവേണ്ടി വാദിക്കുന്നവരും ഇന്ത്യയുടെ പൈതൃകത്തിനുമേൽ അവകാശവാദം ഉന്നയിക്കുന്നവരും ഒരു കാര്യം മനസിലാക്കേണ്ടതുണ്ട്. നമ്മുടെ സംസ്‌കാരം അവർ ജനിക്കുന്നതിന് എത്രയോ വർഷങ്ങൾ മുൻപുണ്ടായതാണ്. മസ്തിഷ്‌കജ്വരത്തെ പ്രതിരോധിക്കുന്നതിനുളള വാക്സിൻ ഇന്ത്യയിൽ കൊണ്ടുവരാൻ 100 വർഷമെടുത്തു. എന്നാൽ മോദി വെറും ഒമ്പത് മാസം കൊണ്ട് കൊവിഡിനുളള വാക്സിൻ ഇന്ത്യയിൽ എത്തിച്ചു. ഇന്ത്യയിലെ ജനങ്ങൾക്ക് യാതൊരു മതത്തിന്റെയോ ജാതിയുടെയോ വ്യത്യാസമില്ലാതെ സൗജന്യ റേഷൻ നൽകുമ്പോൾ പാകിസ്ഥാനിൽ ജനങ്ങൾ ഇന്നും യാചിക്കുകയാണ്'- യോഗി പറഞ്ഞു.