jayaram

താമസം ചെന്നൈയിലാണെങ്കിലും ജയറാം ഇന്നും മലയാളികൾക്ക് സ്വന്തം വീട്ടിലെ ആളാണ്. മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള താരങ്ങളുമായും അദ്ദേഹം അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. ജീവിതത്തിലെ ഉയർച്ച താഴ്ചകളെല്ലാം താൻ പങ്കുവയ്ക്കുന്നയാളാണ് മമ്മൂട്ടിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയറാം.

തന്റെ സിനിമകൾ പരാജയപ്പെട്ടിരുന്ന സമയത്ത് വിളിച്ച് ആശ്വസിപ്പിച്ചത് മമ്മൂട്ടിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. 'ജീവിതത്തിലെ എന്റെ എല്ലാ നല്ല മുഹൂർത്തങ്ങളും, നല്ല കാര്യങ്ങളും വിജയങ്ങളും തോൽവികളുമെല്ലാം ഞാൻ പങ്കുവയ്ക്കുന്ന വല്ല്യേട്ടനാണ്. തുടക്കം മുതൽ ജീവിതത്തിലെ ഒരുപാട് കാര്യങ്ങൾ അദ്ദേഹവുമായിട്ടാണ് പങ്കുവയ്ക്കുന്നത്. തിരിച്ചടികളും സന്തോഷങ്ങളുമൊക്കെ വരുമ്പോൾ... അതേപോലെ തന്നെ അദ്ദേഹം ഇങ്ങോട്ടും പറയും. ഞാൻ ഓഡിയോ ലോഞ്ചിൽ ഒരു മിമിക്രി ചെയ്തു. അത് ഹിറ്റായ സമയത്ത് അദ്ദേഹത്തിന്റെ റൂമിൽ പ്രൊജക്ടറിൽ ഫുള്ളായി 50 പ്രാവശ്യം അത് കണ്ടുകൊണ്ടിരിക്കുകയാണ്. എന്നെ വിളിച്ച് അഭിനന്ദിച്ചു.'- ജയറാം പറഞ്ഞു.

അതേസമയം, അടുത്തിടെയായിരുന്നു ജയറാമിന്റെ മകൻ കാളിദാസിന്റെ വിവാഹം നടന്നത്. മോഡലായ താരിണി കലിംഗരായാ‌ർ ആണ് കാളിദാസിന്റെ ഭാര്യ. ഗുരുവായൂരിൽ വച്ചായിരുന്നു ചടങ്ങ്. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി കുടുംബ സമേതം ഗുരുവായൂരിലെത്തിയിരുന്നു. തുടർന്ന് നടന്ന റിസപ്ഷനിൽ വൻ താരനിരയാണ് ഒഴുകിയെത്തിയത്.

കഴിഞ്ഞ മേയിലായിരുന്നു ജയറാം - പാർവതി ദമ്പതികളുടെ മകൾ മാളവികയുടെ വിവാഹം. അന്നും വൻതാരനിര ചടങ്ങിൽ പങ്കെടുത്തിരുന്നു. കൂടാതെ കഴിഞ്ഞ ദിവസമായിരുന്നു ജയറാം അറുപതാം പിറന്നാൾ ആഘോഷിച്ചത്.