accident-new

തിരുവനന്തപുരം: റോഡുവക്കിൽ നിറുത്തിയിട്ടിരുന്ന കാറിലിടിച്ച് തലകീഴായി മറിഞ്ഞ കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്താൻ ഓടിയെത്തിയതാണ് നാട്ടുകാർ. മറിഞ്ഞ് തകർന്നുകിടക്കുന്ന കാറിനുള്ളിലേക്ക് നോക്കിയപ്പോൾ ഡ്രൈവർ ആയാസപ്പെട്ട് പുറത്തേക്ക് വരാൻ ശ്രമിക്കുന്നു. കാര്യമായി പരിക്കേറ്റിട്ടില്ലെന്നും വ്യക്തമായി. അയാളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ സ്ഥലത്തുണ്ടായിരുന്നവരും സഹായിച്ചു. പക്ഷേ, കാറിന് പുറത്തേക്കുവന്ന ഇയാൾ അപ്രതീക്ഷിതമായി റോഡിലേക്ക് ചാടി ഓടി രക്ഷപ്പെടുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് നാട്ടുകാർക്ക് മനസിലാകും മുമ്പ് അയാൾ രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് ഡ്രൈവറുടെ രക്ഷപ്പെടൽ പുറംലോകം അറിഞ്ഞത്.

ഇന്നലെ പാറശാലയ്ക്കുസമീപം ചെങ്കവിളയിലായിരുന്നു സംഭവം. അമിതവേഗതയിൽ ചെങ്കവിള ഭാഗത്ത് നിന്ന് പാറശാലയിലേക്ക് വരികയായിരുന്ന കാർ റോഡിന്റെ എതിർവശത്ത് നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഇടിച്ച കാർ തലകീഴായി മറിഞ്ഞു. ഈ സമയം ചെങ്കവിള ഭാഗത്തേക്ക് നടന്ന് വരികയായിരുന്ന സ്ത്രീ ഇരുകാറുകൾക്കുമിടയിൽപ്പെടുകയും അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു. നടുറോഡിൽ തലകീഴായി മറിഞ്ഞ കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്താനാണ് നാട്ടുകാർ ഓടിയെത്തിയത്. അപകടത്തിന് കാരണക്കാരനെന്ന് കരുതി നാട്ടുകാർ കൈവയ്ക്കുമോ എന്ന് ഭയന്നാണോ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. യുവാവാണ് വാഹനമോടിച്ചിരുന്നത് എന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

അപകടം നടന്ന ചെങ്കവിളയിൽ റോഡിന്റെ ഒരുവശം കേരളവും മറുവശം തമിഴ്‌നാടുമാണ്. ഡ്രൈവർ രക്ഷപ്പെട്ടതിനെക്കുറിച്ചും അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.