
ന്യൂഡൽഹി: രാജ്യത്തെ മുസ്ളീം ആരാധനാലയങ്ങൾ ഇടിച്ചുനിരത്താനും സർവേ നടത്താനുമുള്ള ആഹ്വാനങ്ങളെ ചോദ്യം ചെയ്ത് ഓൾ ഇന്ത്യ മജിലിസ്-ഇ- ഇതെഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) നേതാവ് അസാദുദ്ദീൻ ഒവൈസി. ആരാധനാലയങ്ങളുടെ നിയമത്തിന്മേലുള്ള സംവാദത്തിൽ പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
500 വർഷം പഴക്കമുള്ള ഒരു മുസ്ളീം പള്ളി ഉണ്ടായിരുന്നുവോ എന്ന് എന്നോട് ചോദിക്കുന്നു. ഞാൻ ഈ പാർലമെന്റ് കുഴിച്ചുനോക്കി എന്തെങ്കിലും കണ്ടെത്തിയാൽ അത് എന്റേതാകുമോ?- ഒവൈസി സഭയിൽ ചോദിച്ചു.
'75 വർഷം മുൻപ് ബാബാസാഹെബ് പറഞ്ഞകാര്യം ഇന്നും സത്യമായി തുടരുന്നു. ന്യൂനപക്ഷവുമായി അധികാരം പങ്കിടാൻ ആരും ആഗ്രഹിക്കുന്നില്ല. പാർലമെന്ററി ജനാധിപത്യത്തിന്റെ വിജയം എത്രത്തോളമാണെന്ന് ഞാൻ വിശദീകരിക്കാം. ആർട്ടിക്കിൾ 25, 26, 29, 30, 14, 21-ഈ മൗലികാവകാശങ്ങളാണ് അടിസ്ഥാനം. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് യഥാർത്ഥത്തിൽ നീതി ലഭിച്ചോയെന്ന് ഇവ അടിസ്ഥാനമാക്കി ഞാൻ വിശദീകരിക്കാം.
വഖഫ് സ്വത്തുക്കൾ കയ്യേറുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. അധികാരം ഉപയോഗിച്ച് അത് പിടിച്ചെടുക്കാൻ നിങ്ങൾ ശ്രമിക്കുന്നു. ആർട്ടിക്കിൾ 26 വായിച്ചുനോക്കൂ, മത വിഭാഗങ്ങൾക്ക്, മതപരവും ജീവകാരുണ്യവുമായ ആവശ്യങ്ങൾക്കായി സ്ഥാപനങ്ങൾ രൂപീകരിക്കാനും പരിപാലിക്കാനുമുള്ള അവകാശം നൽകുന്നു. ഭരണഘടനയുമായി വഖഫിന് ബന്ധമില്ലെന്ന് പ്രധാനമന്ത്രി പറയുന്നു. ആരാണ് പ്രധാനമന്ത്രിയെ പഠിപ്പിക്കുന്നത്? അദ്ദേഹത്തോട് ആർട്ടിക്കിൾ 26 വായിച്ചുനോക്കാൻ പറയൂ'- തന്റെ ഒൻപത് മിനിട്ട് പ്രസംഗത്തിൽ ഒവൈസി വിമർശിച്ചു.