mohanlal

അന്തരിച്ച എഴുത്തുകാരൻ സുകുമാ‍ർ അഴീക്കോടും സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ മലയാളികൾക്ക് സുപരിചിതമാണ്. താരസംഘടനയായ അമ്മയിൽ നടൻ തിലകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിൽ സുകുമാർ അഴീക്കോട് അഭിപ്രായം പ്രകടിപ്പിച്ചതാണ് വലിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയത്. ഇതിനുപിന്നാലെ മോഹൻലാലും മമ്മൂട്ടിയും അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾ.

'തിലകന്റെ തൊഴിൽ നിഷേധവുമായി ബന്ധപ്പെട്ട് സുകുമാർ അഴീക്കാട് അഭിപ്രായം പറഞ്ഞിരുന്നു. അതിന് മറുപടിയുമായി മോഹൻലാൽ എത്തുന്നു. തിലകൻ ഞങ്ങളുടെ കുടുംബാംഗമാണെന്നും സംഘടന തിലകനെതിരെ അച്ചടക്കനടപടിയാണ് എടുത്തിരിക്കുന്നത്. പുറത്തുനിൽക്കുന്ന ഒരാളുടെ അഭിപ്രായം കേൾക്കേണ്ട ആവശ്യമില്ലെന്നായിരുന്നുവെന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം. ഈ പ്രശ്നങ്ങൾ വന്നപ്പോൾ സുകുമാർ അഴീക്കോടിനെ എതിർക്കാൻ നിൽക്കരുതെന്ന് ഞാൻ ലാലിനോട് പറഞ്ഞിരുന്നു. പക്ഷെ ലാൽ അതനുസരിച്ചില്ല.

പിന്നീട് വലിയ തരത്തിലുളള വിവാദങ്ങളും ചാനൽ ചർച്ചകളും ഉണ്ടായി. മോഹൻലാൽ ഒരു പ്രമുഖ ജുവലറിയുടെ പരസ്യത്തിൽ ഹേമ മാലിനിയോടൊപ്പം അഭിനയിച്ചതിൽ സുകുമാർ അഴീക്കോട് വിമർശിച്ചു. അഭിനയത്തിലൂടെ നേടിയെടുത്ത വലിയൊരു സ്ഥാനത്തെ പരസ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നായിരുന്നു നിർദ്ദേശം. അതിന് ലാലും അഴീക്കോടിന് മറുപടി കൊടുക്കുകയുണ്ടായി. 40 പുസ്തകങ്ങൾ എഴുതിയെന്ന് പറഞ്ഞ് മഹാനാകില്ലെന്നും നല്ലൊരു മനസുണ്ടാകണമെന്നും ലാൽ സുകുമാർ അഴീക്കോടിന് മറുപടി കൊടുത്തു. അത് അഴീക്കോടിനെ പ്രകോപിപ്പിച്ചു.

മോഹൻലാൽ കുങ്കുമം ചുമക്കുന്ന കഴുതയാണെന്നും അതിന്റെ വില അയാൾക്കറിയില്ലെന്നും സുകുമാർ അഴീക്കോട് തിരിച്ചടിച്ചു. വല്ലാത്ത സാഹചര്യത്തിലാണ് മമ്മൂട്ടിയും മോഹൻലാലും കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വൃദ്ധരായ ആളുകൾ വ്യദ്ധവേഷം മാത്രമേ സിനിമയിൽ ചെയ്യാൻ പാടുളളൂവെന്നും സുകുമാർ അഴീക്കോട് പറഞ്ഞു. ഇതുകേട്ട് താരങ്ങളുടെ ആരാധകർ പ്രതിഷേധിച്ചു. പലയിടങ്ങളിലും സുകുമാർ അഴീക്കോടിന്റെ കോലം കത്തിക്കാൻ തുടങ്ങി. പിന്നാലെ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും രംഗത്തെത്തി. സ്വർണത്തിന്റെ പരസ്യത്തിൽ അഭിനയിക്കാൻ ആരെങ്കിലും സുകുമാർ അഴീക്കോടിനെ വിളിക്കുമോയെന്നായിരുന്നു ഇന്നസെന്റ് ചോദിച്ചത്. അതിനുമറുപടിയുമായി സുകുമാർ അഴീക്കോടും എത്തി.

മോഹൻലാലും മമ്മൂട്ടിയും ഉണങ്ങിയ രണ്ട് വട വൃക്ഷങ്ങളെ പോലെ നിൽക്കുകയാണ്. താഴെ ഉളള ഒന്നിനെയും വളരാൻ അനുവദിക്കില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു. അങ്ങനെ ആക്ഷേപം തുടർന്നു. തനിക്കുളളത് യഥാർത്ഥ മുടിയാണെന്നും രണ്ടുപേരുടെയും വിഗ് മാ​റ്റിയാൽ കങ്കാളൻമാരാകുമെന്നും പറഞ്ഞു. ശേഷം സുകുമാർ അഴീക്കോടും മോഹൻലാലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കോടതിയിൽ കയ​റ്റി. അന്നത്തെ കേന്ദ്രമന്ത്രി എ കെ ആന്റണിക്കും സുകുമാർ അഴീക്കോട് കത്തെഴുതി. മോഹൻലാലിന് സൈന്യത്തിൽ സ്ഥാനം നൽകിയതിനെതിരെയായിരുന്നു കത്ത്. പക്ഷെ മന്ത്രി അതിന് പ്രതികരിച്ചില്ല.

സുകുമാർ അഴീക്കോട് വീണ്ടും എ കെ ആന്റണിക്ക് കത്തെഴുതി. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും നികുതി വെട്ടിപ്പിനെയും കുറിച്ചായിരുന്നു കത്ത്. മന്ത്രി കത്ത് ഗൗരവത്തിലെടുത്തു. തുടർന്ന് റെയ്ഡ് നടത്തി. ആർക്കും താരങ്ങളെ സഹായിക്കാൻ കഴിയാത്ത അവസ്ഥയായി. താരങ്ങൾ മാനസികമായി ബുദ്ധിമുട്ടി. ആ സാഹചര്യത്തിലാണ് ലാലിനും മമ്മൂട്ടിക്കും രക്ഷകനായി തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി കടന്നുവന്നത്. അന്ന് അദ്ദേഹം കേന്ദ്രമന്ത്രിയായിരുന്നു. ചിരഞ്ജീവി,​താരങ്ങളെ ആശ്വസിപ്പിച്ചു. ചിരഞ്ജീവി ഈ വിഷയം സോണിയ ഗാന്ധിയെ അറിയിച്ചു.കാര്യങ്ങൾ മനസിലാക്കിയ സോണിയ ഗാന്ധി നിമിഷനേരം കൊണ്ട് പ്രശ്നങ്ങൾ പരിഹരിച്ചു'- അഷ്‌റഫ് പങ്കുവച്ചു.