home-birth

മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീട്ടുപ്രസവങ്ങൾ നടക്കുന്നത് മലപ്പുറത്ത്. ഏപ്രിൽ മുതൽ സെപ്തംബർ വരെ സംസ്ഥാനത്ത് 200 വീട്ടുപ്രസവങ്ങൾ നടന്നപ്പോൾ ഇതിൽ 93 എണ്ണവും മലപ്പുറത്താണ്. തൊട്ടുപിന്നിൽ കണ്ണൂരാണ് - 15 പ്രസവങ്ങൾ. ആരോഗ്യപ്രവർത്തകർക്ക് ലഭ്യമായ കണക്ക് പ്രകാരമാണിത്. അക്യൂപംക്ചർ, നാച്ചുറോപ്പതിയുടെ മറവിൽ ചിലരും വാക്സിൻ വിരുദ്ധ കൂട്ടായ്മക്കാരും വീട്ടുപ്രസവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായി ആരോപണമുണ്ട്. അക്യൂപംക്ചർ മേഖലയിലെ ഔദ്യോഗിക സംഘടനകൾ ഈ പ്രവണതയെ എതിർക്കുന്നുണ്ട്. സിസേറിയൻ കഴിഞ്ഞവർ, ആദ്യപ്രസവക്കാർ അടക്കം വീട്ടുപ്രസവങ്ങൾക്ക് വിധേയരാകുന്നതായി ജില്ലാ ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. രണ്ട് വർഷം മുമ്പ് വീട്ടുപ്രസവത്തെ തുടർന്ന് കുട്ടി മരിച്ച സംഭവം ജില്ലയിലുണ്ടായിട്ടുണ്ട്.

അമിതരക്തസ്രാവം ഉൾപ്പെടെയുള്ള അടിയന്തരഘട്ടങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കൊണ്ടുമാത്രം അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷപ്പെട്ട സംഭവങ്ങളുമുണ്ട്. ഗർഭകാലത്തിന്റെ തുടക്കം മുതൽ ആശുപത്രി സൗകര്യങ്ങൾ മനഃപൂർവ്വം വേണ്ടെന്ന് വയ്ക്കുന്നവരുണ്ട്. വാക്സിനേഷൻ, അയൺഫോളിക് ഗുളികകൾ, സ്‌കാനിംഗ് എന്നിവയ്ക്ക് തയ്യാറാവില്ല. പ്രസവമടുക്കുന്നത് വരെ സമീപത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ കാണിച്ചശേഷം പ്രസവത്തിന് ആശുപത്രികളെ ഒഴിവാക്കുന്ന കൂട്ടരുമുണ്ട്. ഗർഭിണിയുടെ വിവരങ്ങൾ അറിയാൻ എത്തുന്ന ആശാപ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കും. നിർദ്ദേശങ്ങൾ അനുസരിക്കാനും ഇവർ തയ്യാറാവില്ല.

ജീവൻ വച്ചാണ് കളി

കുടുംബത്തിലോ സൗഹൃദവലയങ്ങളിലോ നടക്കുന്ന വീട്ടുപ്രസവങ്ങൾ അപകടം കൂടാതെ നടന്നാൽ ഇതുപ്രചരിപ്പിച്ചാണ് കൂടുതൽ പേരെ ആകർഷിക്കുന്നത്. പ്രസവം രോഗമല്ല,​ പ്രകൃതിദത്ത പ്രക്രിയയാണ്, ഭക്ഷണക്രമം ശ്രദ്ധിക്കുകയും ആവശ്യമായ വ്യായാമങ്ങളും ചെയ്താൽ കുഞ്ഞിന് വളർച്ചയെത്തുമ്പോൾ സ്വാഭാവിക പ്രസവം നടക്കും,​ ആശുപത്രിയിൽ പോകേണ്ട കാര്യമില്ല എന്നിങ്ങനെയാണ് ഇവരുടെ പ്രചാരണം. ഗർഭധാരണത്തിലും പ്രസവത്തിലും 14 ശതമാനം പേരിൽ സങ്കീർണ്ണതകൾ ഉണ്ടാവാമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഇവർക്ക് മുൻകരുതലും സമയബന്ധിതമായ ചികിത്സയും നൽകിയില്ലെങ്കിൽ കുഞ്ഞിന്റെ ജീവനും അപകടത്തിലാവും. വീട്ടുപ്രസവത്തിൽ ജനിക്കുന്ന കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പുകളും ലഭിക്കാറില്ല.

ജില്ലകളും വീട്ടുപ്രസവവും

തിരുവനന്തപുരം - 8
കൊല്ലം - 7
പത്തനംതിട്ട - 1
ആലപ്പുഴ - 6
കോട്ടയം - 3
ഇടുക്കി - 12
എറണാകുളം - 14
തൃശൂർ - 6
പാലക്കാട് - 3
മലപ്പുറം - 93
കോഴിക്കോട് - 11
വയനാട് - 15
കണ്ണൂർ - 12
കാസർകോട് - 9