
ന്യൂഡൽഹി: 11-ാം തീയതിയാണ് ബോളിവുഡിലെ പ്രശസ്തമായ കപൂർ കുടംബം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചത്. മുത്തച്ഛനും നടനുമായ രാജ്കപൂറിന്റെ നൂറാം ജന്മദിനാഘോഷ ചടങ്ങുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രത്യേക ഫിലിം ഫെസ്റ്റിനായി പ്രധാനമന്ത്രി ക്ഷണിക്കാനാണ് താരകുടുംബം എത്തിയത്.
ഇപ്പോഴിതാ കൂടിക്കാഴ്ചയ്ക്ക് ശേഷം നടനും കരീനകപൂറിന്റെ ഭർത്താവുമായ സെയ്ഫ് അലി ഖാൻ പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പാർലമെന്റിൽ നിന്ന് നേരിട്ട് വന്നിട്ടും ഒരു ക്ഷീണവും കൂടാതെ വളരെ ഉന്മേഷത്തോടെയാണ് പ്രധാനമന്ത്രി തങ്ങളെ സ്വീകരിച്ചതെന്നാണ് നടൻ പറഞ്ഞത്. മോദി രാജ്യം നല്ലപോലെ മുന്നോട്ട് കൊണ്ടുപോകാൻ വളരെയധികം കഠിനാധ്വാനം ചെയ്യുന്നതായും സെയ്ഫ് അലി ഖാൻ കൂട്ടിച്ചേർത്തു.
'പാർലമെന്റിൽ നിന്നാണ് പ്രധാനമന്ത്രി ഞങ്ങളെ കാണാൻ എത്തിയത്. അദ്ദേഹം ക്ഷീണിതനാകുമെന്ന് ഞാൻ കരുതി. പക്ഷേ വളരെ ഉന്മേഷത്തോടെയുള്ള ചിരിയോടെയാണ് അദ്ദേഹം ഞങ്ങളുടെ കുടുംബത്തെ സ്വീകരിച്ചത്. അദ്ദേഹം എന്റെ മാതാപിതാക്കളെ കുറിച്ച് ചോദിച്ചു. മക്കളെ കൊണ്ടുവന്നില്ലെയെന്ന് തിരക്കി. ഞാൻ അദ്ദേഹത്തോട് എത്ര സമയം വിശ്രമത്തിനായി ലഭിക്കുന്നുവെന്ന് ചോദിച്ചു. രാത്രി ഏകദേശം മൂന്ന് മണിക്കൂർ എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. അത് ശരിക്കും ഞെട്ടിച്ചു. ഒരു പ്രത്യേക ദിവസമായിരുന്നു ഞങ്ങൾക്ക് അത്. അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം ഞങ്ങളോടൊപ്പം ചെലവഴിച്ചതിന് നന്ദി അറിയിക്കുന്നു',- എന്നും സെയ്ഫ് അലി ഖാൻ പറഞ്ഞു.