banks

ഏപ്രിൽ-സെപ്തംബർ കാലയളവിലെ ലാഭം 85,820 കോടി രൂപ

ലാഭവും ആസ്തിമേന്മയും മെച്ചപ്പെട്ടു

കൊച്ചി: നഷ്‌ടക്കണക്കുകളും കിട്ടാക്കടങ്ങളും നിറഞ്ഞ ദുരിത കാലം പിന്നിട്ട് കേന്ദ്ര പൊതുമേഖല ബാങ്കുകൾ കരുത്താർജിക്കുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തനക്ഷമത വർദ്ധിപ്പിച്ചതും കേന്ദ്ര സർക്കാരിന്റെ അധിക മൂലധനവും പ്രൊഫഷണലിസവും ജീവനക്കാരുടെ മനോഭാവത്തിലുണ്ടായ മാറ്റങ്ങളുമാണ് പൊതുമേഖല ബാങ്കുകളിൽ മാറ്റം സൃഷ്‌ടിക്കുന്നത്. കൊവിഡിന് ശേഷം കിട്ടാക്കടങ്ങൾ ഗണ്യമായി കുറയ്ക്കാനും ലാഭത്തിൽ കുതിപ്പ് നേടാനും ബാങ്കുകൾക്ക് കഴിഞ്ഞു. നടപ്പുസാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസക്കാലയളവിൽ സ്വകാര്യ ബാങ്കുകൾക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെങ്കിലും പൊതുമേഖല ബാങ്കുകൾ മികച്ച പ്രകടനം കാഴ്ചവച്ചു. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ആറ് മാസത്തിനിടെ പൊതുമേഖല ബാങ്കുകളുടെ സംയുക്ത ലാഭം 26 ശതമാനം വർദ്ധനയോടെ 85,820 കോടി രൂപയെന്ന റെക്കാഡ് ഉയരത്തിലെത്തി. ഇപ്പോഴത്തെ ട്രെൻഡ് നിലനിറുത്തിയാൽ നടപ്പുസാമ്പത്തിക വർഷത്തെ അറ്റാദായം രണ്ട് ലക്ഷം കോടി രൂപയ്ക്കടുത്ത് എത്തിയേക്കും.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ 12 പൊതുമേഖല ബാങ്കുകളുടെ സംയുക്ത ലാഭം 1.41 ലക്ഷം കോടി രൂപയിലാണ്. 2022-23 സാമ്പത്തിക വർഷത്തിലെ ബാങ്കുകളുടെ ലാഭം 1.05 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ പൊതുമേഖല ബാങ്കുകൾ കേന്ദ്ര സർക്കാരിലേക്ക് ലാഭവിഹിതമായി 61,964 കോടി രൂപയാണ് നൽകിയത്.

സ്വകാര്യ ബാങ്കുകളുടെ ലാഭം 1.78 ലക്ഷം കോടി രൂപ

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ 26 സ്വകാര്യ ബാങ്കുകളുടെ സംയുക്ത ലാഭം 1.78 ലക്ഷം കോടി രൂപയാണ്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കോട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക് എന്നിവയാണ് ലാഭക്ഷമതയിൽ മുൻപന്തിയിൽ. നാണയപ്പെരുപ്പം നേരിടാനുള്ള നടപടികളുടെ ഭാഗമായി റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് 6.5 ശതമാനമായി ഉയർത്തിയതോടെ ബാങ്കുകളുടെ മാർജിൻ മെച്ചപ്പെട്ടതാണ് ലാഭം കൂട്ടിയത്.

കിട്ടാക്കടങ്ങളും കുത്തനെ കുറഞ്ഞു

കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് പൊതുമേഖല ബാങ്കുകളുടെ മൊത്തം കിട്ടാക്കടം ഈ വർഷം സെപ്തംബർ 30ന് അവസാനിച്ച ത്രൈമാസത്തിൽ 3.12 ശതമാനമായി താഴ്‌ന്നു. 2018 മാർച്ചിൽ ബാങ്കുകളുടെ കിട്ടാക്കടം 14.58 ശതമാനം വരെ ഉയർന്നിരുന്നു. വായ്പാ തുക പിരിച്ചെടുക്കുന്നതിൽ കാര്യക്ഷമതയേറിയതാണ് ആസ്തിമേന്മ വർദ്ധിപ്പിച്ചത്.

2014 സാമ്പത്തിക വർഷത്തെ

പൊതുമേഖല ബാങ്കുകളുടെ ലാഭം 1.41 ലക്ഷം കോടി രൂപ

സ്വകാര്യ ബാങ്കുകളുടെ ലാഭം 1.78 ലക്ഷം കോടി രൂപ