
പാത്രങ്ങളിൽ മീനിന്റെയും മറ്റും രൂക്ഷം ഗന്ധമാണ് അടുക്കളയിൽ നാം നേരിടുന്ന ഒരു പ്രധാന പ്രശ്നം. എത്ര തന്നെ കഴുകിയാലും ചിലപ്പോൾ ഈ ഗന്ധം പോകണമെന്നില്ല. ആ പാത്രം പിന്നെ ഉപയോഗിക്കാൻ തന്നെ പലർക്കും മടിയാണ്. എന്നാൽ വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഈ ദുർഗന്ധം നീക്കാൻ കഴിയുമെന്ന് പലർക്കും അറിയില്ല. അത്തരം ചില വഴികൾ നോക്കിയാലോ?
അതിൽ ഒന്നാമത് നാരങ്ങ നീരാണ്. പാത്രങ്ങളിലെ ദുർഗന്ധം അകറ്റാൻ മികച്ച ഒരു പരിഹാരമാണ് നാരങ്ങ നീര്. ദുർഗന്ധമുള്ള പാത്രത്തിൽ ഒരു കഷ്ണം നാരങ്ങ തടവുക. അല്ലെങ്കിൽ നിങ്ങളുടെ ഡിഷ് വാഷ് ലിക്വിഡിൽ അല്പം നാരങ്ങ നീര് കൂടി ചേർത്ത് ഉപയോഗിക്കുക. പാത്രത്തിലെ ദുർഗന്ധം അകറ്റാൻ ഈ രീതി വളരെ നല്ലതാണ്.
പ്ലേറ്റുകളിൽ നിന്ന് മീൻ ദുർഗന്ധം നീക്കം ചെയ്യുന്നതിനുള്ള മറ്റൊരു മികച്ച രീതിയാണ് ബേക്കിംഗ് സോഡ. ഇതിന്റെ ആൽക്കലെെൻ സ്വഭാവം ദുർഗന്ധം ആഗിരണം ചെയ്യാനും നിർവീര്യമാക്കാനും സഹായിക്കുന്നു. പ്ലേറ്റിൽ ബേക്കിംഗ് സോഡ വിതറുക മൃദുവായി സ്ക്രബ് ചെയ്ത ശേഷം വെള്ളത്തിൽ കഴുകി എടുക്കാം.
ശക്തമായ ദുർഗന്ധത്തെ പോലും ഇല്ലാതാക്കാനുള്ള കഴിവ് വിനാഗിരിക്കുണ്ട്. വെള്ളവും തുല്യ അളവിൽ വിനാഗിരിയും ചേർത്ത മിശ്രിതത്തിൽ പ്ലേറ്റുകൾ കുറച്ച് മിനിട്ട് മുക്കിവയ്ക്കുക. ശേഷം സാധാരണ കഴുകുന്നത് പോലെ പാത്രം കഴുകാം.