
ലക്‌നൗ: ഹിന്ദു യുവാവിനോട് സംസാരിച്ചതിന് 17കാരിയെ നിർബന്ധപ്പൂർവ്വം ഹിജാബ് അഴിപ്പിച്ച് കൂട്ടംചേർന്ന് തല്ലി. ഉത്തർപ്രദേശിലെ സഹറാൺപൂർ ജില്ലയിൽ ദിയോബന്ധിലാണ് സംഭവം നടന്നത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.16കാരിയായ അനുജത്തിയോടൊപ്പം വീട്ടിലേയ്ക്ക് പോവുകയായിരുന്ന 17കാരിയാണ് അതിക്രമത്തിനിരയായത്. മൊഹമ്മദ് മെഹ്‌താബ് (38) ആണ് അറസ്റ്റിലായത്.
12 ഓളം പേർ ചേർന്നാണ് കുട്ടികളെ തടഞ്ഞുനിർത്തി അതിക്രമം നടത്തിയത്. കഴിഞ്ഞ ഡിസംബർ 11ന് നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിഷയം പുറത്തുവന്നത്.
17കാരി പൊലീസിനോട് പറഞ്ഞതിങ്ങനെ: ഞാനും സഹോദരിയും ബന്ധുവീട് സന്ദർശിച്ചതിനുശേഷം വീട്ടിലേയ്ക്ക് പോവുകയായിരുന്നു. ഇതിനിടെ മോട്ടോർ സൈക്കിളിൽ എത്തിയ ഒരാൾ വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുക്കുന്നതിനിടെ രണ്ടുപേർ ഇടപെടുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു. ഞങ്ങൾ ഹിന്ദു മതസ്ഥനോട് സംസാരിക്കുകയായിരുന്നുവെന്ന് പറഞ്ഞ് കൂടുതൽ ആളെക്കൂട്ടാൻ തുടങ്ങി. 12 ഓളം പേർ ഞങ്ങളെ വളയുകയായിരുന്നു. ഇതിനിടെ ഒരാൾ തല്ലുകയും ചെയ്തു.
സഹോദരനെ വിളിക്കാൻ ശ്രമിക്കുന്നതിനിടെ അക്രമികൾ പെൺകുട്ടികളുടെ കയ്യിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. കുട്ടികളിൽ ഒരാളുടെ കൈയിൽ സമ്മാനപ്പൊതി ഉണ്ടായിരുന്നു. ഇത് ഹിന്ദു യുവാവിന് കൊടുക്കാൻ കൊണ്ടുവന്നതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാൽ പിന്നീട് ബൈക്കിൽ വന്നയാൾ ഹിന്ദു അല്ലെന്ന് മനസിലാക്കിയപ്പോഴാണ് അക്രമികൾ പെൺകുട്ടികളെ പോകാൻ അനുവദിച്ചത്.
സംഭവത്തിന് ശേഷം പെൺകുട്ടികൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തുവെന്നും ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിനുശേഷം ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.