
ഇന്ത്യയിലെ ആളുകൾ കൂടുതലായി ആശ്രയിക്കുന്ന ഒരു ഗതാഗത സംവിധാനമാണ് ട്രെയിൻ. ട്രെയിനിൽ യാത്ര ചെയ്യാത്തവർ വളരെ അപൂർവമായിരിക്കും. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പലർക്കും പല സംശയങ്ങളും തോന്നാം. അതിലൊന്നാണ് ട്രെയിന്റെ ഏറ്റവും പിറകിലെ ബോഗിയിൽ എക്സ് (X) എന്ന് എഴുതിയിരിക്കുന്നത്. ട്രെയിനിൽ നിരവധി തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും അത് എന്തിനാണെന്ന് മാത്രം പലർക്കും അറിയില്ല. പലരും ഇത് വെറുതെ വച്ചിരിക്കുന്നതാണെന്ന് കരുതുന്നു. എന്നാൽ ശരിക്കും അതല്ല സത്യം. ഇത്തരത്തിൽ ട്രെയിനിൽ എക്സ് എന്ന് എഴുതുന്നതിന് കൃത്യമായ ലക്ഷ്യമുണ്ട്.
ട്രെയിനിന്റെ അവസാന കോച്ചിനെ സൂചിപ്പിക്കുന്നതിനാണ് ഇത്തരത്തിൽ എക്സ് എന്ന് രേഖപ്പെടുത്തുന്നത്. കോച്ചുകളൊന്നും വേർപെട്ടുപോകാതെ മുഴുവൻ ട്രെയിനും കടന്നുപോയി എന്ന് പരിശോധിക്കാൻ ഇത് റെയിൽവേ ഉദ്യോഗസ്ഥരെ സഹായിക്കുന്നു. ഒരു ട്രെയിൻ പോകുമ്പോൾ അവസാന ബോഗിയിൽ എക്സ് ഇല്ലെങ്കിൽ എവിടെയെങ്കിലും അപകടം നടന്നുവെന്നാണ് സൂചന.
അതോടെ ബോഗികൾക്ക് അപകടം സംഭവിച്ചോ വേർപെട്ടുപോയോ എന്ന് അധികൃതർ അന്വേഷിക്കും. എന്നാൽ രാത്രിയിലോ മൂടൽമഞ്ഞുള്ള സാഹചര്യത്തിലോ ചിലപ്പോൾ ബോഗിയിലെ ഈ എക്സ് ചിഹ്നം ഉദ്യോഗസ്ഥർക്ക് ശരിക്ക് കാണാൻ സാധിച്ചെന്ന് വരില്ല. അത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് അവസാന ബോഗിയിൽ എക്സിന്റെ താഴെ ചുവന്ന ഇന്റിക്കേറ്റർ ലെെറ്റ് ഘടിപ്പിച്ചിരിക്കുന്നത്. രാത്രിയിൽ ഇവ ഇടവിട്ട് പ്രകാശിക്കും.