
ദുബായ്: ഒരു ചായയ്ക്ക് എത്ര രൂപയാകും? ചില കടകളിൽ ചായയുടെ രുചി മാറുന്നതനുസരിച്ച് വിലയിലും മാറ്റം വന്നേക്കാം. എന്നാൽ ദുബായിലെ ഒരു കഫേയിൽ ലഭിക്കുന്ന ചായയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ദുബായിൽ എമെറൈറ്റ്സ് ഫിനാൻഷ്യൽ ടവറിന് സമീപത്തായാണ് ബോഹോ കഫേ പ്രവർത്തിക്കുന്നത്. ഇവിടെ കിട്ടുന്ന ഒരു പ്രത്യേക തരം ചായയുടെ (ഗോൾഡ് കരക്) വില 5000 ദിർഹമാണ് (ഏകദേശം 1.4 ലക്ഷം).
ഒരു ഫുഡ് വ്ലോഗറാണ് ഈ വിവരം സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുളള സംരഭംകനായ സുചേത ശർമയാണ് കഫേ നടത്തിവരുന്നത്. ഗോൾഡ് കരക് ചായ വിളമ്പുന്ന രീതിയാണ് എല്ലാവരെയും അതിശയിപ്പിക്കുന്നത്. വെളളിക്കപ്പിലാണ് ചായ വിളമ്പുന്നത്. കപ്പിന് മുകളിലായി ഒരു മൂടിയും വച്ചിട്ടുണ്ട്. ഈ മൂടി നിർമിക്കുന്നത് തനിതങ്കം ഉപയോഗിച്ചാണ്.
കഫേയിൽ നിന്ന് ഉയർന്ന വിലയുളളതും വില കുറഞ്ഞതുമായ ഇന്ത്യൻ വിഭവങ്ങൾ ലഭിക്കുമെന്നും സുചേത പറയുന്നു. ഗോൾഡ് സോവനീർ കോഫി, ഗോൾഡ് ഡസ്റ്റഡ് ക്രോയിസന്റ്സ്, ഗോൾഡ് ഡ്രിങ്ക്, ഗോൾഡ് ഐസ്‌ക്രീം എന്നീ വിഭവങ്ങൾ ഇവിടെ ലഭിക്കും. എല്ലാം തരം ആളുകൾക്കും ഇവിടെ നിന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന രീതിയിലാണ് വില തരപ്പെടുത്തിയിരിക്കുന്നതെന്ന് സുചേത ശർമ പറയുന്നു. ഗോൾഡ് സോവനീർ കോഫിക്ക് ( 4,761 ദിർഹം)1.09 ലക്ഷമാണ് വില. അത് വിളമ്പുന്ന വെളളിക്കപ്പ് ഉപഭോക്താക്കൾക്ക് കൊണ്ടുപോകാം. വീഡിയോക്ക് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ചോദിക്കുന്നുണ്ട്. ചിലർ വീഡിയോ വ്യാജമാണെന്നും പറയുന്നു. പ്രവാസികൾ ഇത്രയും പണം ചെലവഴിച്ച് ചായ കുടിക്കുമോയെന്ന് മറ്റൊരാൾ ചോദിച്ചു.