
ഡിസംബറിലെ വിദേശ നിക്ഷേപം 22,766 കോടി രൂപ
കൊച്ചി: സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരാൻ റിസർവ് ബാങ്കും കേന്ദ്ര സർക്കാരും ശക്തമായ നടപടികൾക്ക് ഒരുങ്ങുന്നുവെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകർ പണമൊഴുക്ക് വർദ്ധിപ്പിച്ചു. ഡിസംബർ ആദ്യ രണ്ട് ആഴ്ചകളിൽ വിദേശ ധന സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്ന് 22,766 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് അര ശതമാനം കുറച്ചേക്കുമെന്ന പ്രതീക്ഷയിൽ മികച്ച വരുമാനം തേടിയാണ് വിദേശ ഫണ്ടുകൾ ഇന്ത്യയിലേക്ക് പണമൊഴുക്കുന്നത്.
ഒക്‌ടോബറിൽ 94,017 കോടി രൂപയും നവംബറിൽ 21,612 കോടി രൂപയും പിൻവലിച്ചതിന് ശേഷമാണ് നടപ്പുമാസം വിദേശ ഫണ്ടുകൾ ശക്തമായി തിരിച്ചെത്തുന്നത്. ഇതോടെ നടപ്പുവർഷത്തെ വിദേശ ധന സ്ഥാപനങ്ങളുടെ അറ്റ നിക്ഷേപം 7,747 കോടി രൂപയിലെത്തി.
ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ പലിശ കുറയ്ക്കാൻ തുടങ്ങിയതിനാൽ വരും മാസങ്ങളിലും ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്കിന് ശക്തിയേറുമെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു.
നിക്ഷേപകരുടെ പ്രതീക്ഷകൾ
1.ജനുവരിയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തുന്നതോടെ ചൈനയുടെ ഉത്പന്നങ്ങൾക്ക് അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്തുന്നത് ഇന്ത്യയ്ക്ക് ഗുണമാകും
2. ഫെഡറൽ റിസർവും യൂറോപ്യൻ സെൻട്രൽ ബാങ്കും തുടർച്ചയായി പലിശ കുറയ്ക്കുന്നതിനാൽ ആഗോള വിപണിയിൽ പണലഭ്യത ഗണ്യമായി കൂടുന്നു
3. ഇന്ത്യയിൽ നാണയപ്പെരുപ്പം താഴുന്നതും വിപണിയിലെ തളർച്ചയും കണക്കിലെടുത്ത് റിസർവ് ബാങ്ക് പലിശ നിരക്ക് ഫെബ്രുവരിക്ക് മുൻപ് അര ശതമാനം കുറച്ചേക്കും
4. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഉത്സവ കച്ചവടത്തിന്റെ കരുത്തിൽ ഇന്ത്യൻ കമ്പനികളുടെ ലാഭം കൂടിയേക്കും
മാസം വിദേശ നിക്ഷേപം
സെപ്തംബർ 57,724
ഒക്‌ടോബർ -21,612
നവംബർ -94,017
ഡിസംബർ 14 വരെ 22,766