
ന്യൂയോർക്ക്: യുഎസിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ടെന്നസിയിലെ മെംഫിസിൽ വെള്ളിയാഴ്‌ച അർദ്ധരാത്രിയോടെയാണ് അപകടം നടന്നത്. ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശിനി നാഗ ശ്രീ വന്ദന പരിമള (26) ആണ് മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു.
മെംഫിസ് സർവകലാശാലയിൽ മാസ്റ്റർ ഒഫ് സയൻസ് ബിരുദ വിദ്യാർത്ഥിനിയായിരുന്നു വന്ദന. ആന്ധ്രയിലെ ബിസിനസുകാരന്റെ മകളായ വന്ദന 2022ലാണ് ഉപരിപഠനത്തിനായി അമേരിക്കയിൽ എത്തിയത്.വന്ദന സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ വന്ദനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വന്ദനയുടെ ഒപ്പമുണ്ടായിരുന്ന പവൻ, നികിത് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ പവന്റെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. ഒരു വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.