നടി ഗ്രെയ്സ് ആന്റണിയെ കാണുമ്പോൾ പഴയ സിനിമാതാരങ്ങളെ ഓർമ വരുമെന്ന് സുരാജ് വെഞ്ഞാറമൂട്. സിനിമകൾ നിർമിക്കുമ്പോൾ ലൊക്കേഷനുകളിൽ ലഭിക്കുന്ന ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുമെന്നും നടൻ പറഞ്ഞു. പുതിയ ചിത്രമായ എക്സ്ട്രാ ഡീസന്റിന്റെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരാജ്. പരിപാടിയിൽ ഗ്രെയ്സ് ആന്റണിയും ശ്യാം മോഹനും ഉണ്ടായിരുന്നു. കൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തിലാണ് സുരാജ് ഇക്കാര്യങ്ങൾ പറഞ്ഞത്.

''നാഗേന്ദ്രൻസ് ഹണിമൂൺസ്' സീരീസ് ചെയ്യുമ്പോഴാണ് ഞാൻ ഗ്രെയ്സിനെ കൂടുതലായി ശ്രദ്ധിച്ചത്. ആ കഥാപാത്രം ഒരിക്കലും മറക്കാൻ സാധിക്കില്ല. നടിയെ കാണുമ്പോൾ എനിക്ക് പഴയ സിനിമാതാരങ്ങളെ ഓർമ വരും. കൽപ്പന ചേച്ചിയുടെയും ഉർവ്വശി ചേച്ചിയുടെയും മിക്സാണ് ഗ്രെയ്സ്. ഇടയ്ക്ക് ബിന്ദു പണിക്കരെയും ഓർമവരും. മലയാള സിനിമയുടെ സ്മൂത്തി സ്റ്റാറാണ് ഗ്രെയ്സ്.

suraj

സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഭക്ഷണമായിരുന്നു പ്രധാന പ്രശ്നം. ഭക്ഷണം കഴിച്ച് ശ്യാം മോഹന് വലിയ പ്രശ്നമുണ്ടായി, ഗ്രെയ്സ് ഭക്ഷണം വാങ്ങിയാണ് കഴിച്ചത്. ഇനിമുതൽ അത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ല. എന്റെ പ്രൊഡക്ഷനിൽ വരുന്ന ചിത്രങ്ങളിൽ നല്ല ഭക്ഷണമായിരിക്കും വിളമ്പുക'- നടൻ പറഞ്ഞു.

ആമിർ പളളിക്കൽ സംവിധാനം ചെയ്ത എക്സ്ട്രാ ഡീസന്റ് ഡിസംബർ 20ന് തീയേ​റ്ററുകളിലെത്തും. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. വിനയപ്രസാദ്, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത്, അലക്സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.