crude

കൊച്ചി: എണ്ണക്കമ്പനികൾക്ക് നൽകിയിരുന്ന വില ഇളവുകൾ കുറഞ്ഞതോടെ ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡോയിലിന്റെ ഇറക്കുമതി കുത്തനെ ഇടിയുന്നു. നവംബറിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് വരവിൽ 55 ശതമാനത്തിലധികം ഇടിവുണ്ടായെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഉക്രെയിൻ അധിനിവേശം കണക്കിലെടുത്ത് പശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചതോടെയാണ് 2022 ജൂണിന് ശേഷം ഇന്ത്യൻ കമ്പനികൾ വൻതോതിൽ റഷ്യൻ ക്രൂഡ് വാങ്ങാൻ തുടങ്ങിയത്. മറ്റ് മാർഗങ്ങളില്ലാത്തതിനാൽ ബാരലിന് 10 മുതൽ 20 ഡോളർ വരെ വിലക്കിഴിവ് നൽകിയാണ് റഷ്യ എണ്ണ വില്പന നടത്തിയിരുന്നത്. ഈ അവസരം ഉപയോഗപ്പെടുത്തിയാണ് ഇന്ത്യ വാങ്ങൽ ഗണ്യമായി വർദ്ധിപ്പിച്ചത്. പശ്ചിമേഷ്യ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നാണ് ഇതിന് മുൻപ് ഇന്ത്യൻ കമ്പനികൾ പ്രധാനമായും എണ്ണ വാങ്ങിയിരുന്നത്.

മികച്ച ലാഭം നേടാനായതോടെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ 40 ശതമാനവും റഷ്യയിൽ നിന്നായി. നേരത്തെ ഒരു ശതമാനം ക്രൂഡ് മാത്രമാണ് അവിടെ നിന്ന് എത്തിയിരുന്നത്.

ഇറക്കുമതിയിൽ ഇടിവുണ്ടായെങ്കിലും ഇപ്പോഴും എണ്ണ വിപണിയിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി റഷ്യ തുടരുകയാണ്. നിലവിൽ 47 ശതമാനം ക്രൂഡ് വാങ്ങുന്ന ചൈനയാണ് റഷ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. 37 ശതമാനം വാങ്ങലുമായി ഇന്ത്യ രണ്ടാം സ്‌ഥാനത്താണ്.