
ബംഗളൂരു: വ്യാജ സ്ത്രീധന പീഡന പരാതി ഉൾപ്പെടെയുള്ള ആരോപണങ്ങളെത്തുടർന്ന് ഐ.ടി ജീവനക്കാരൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭാര്യയും കുടുംബവും അറസ്റ്റിൽ. ഇവരെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ജീവനൊടുക്കിയ അതുൽ സുഭാഷിന്റെ (34) ഭാര്യ നികിത സിംഘാനിയ, ഭാര്യയുടെ അമ്മ നിഷ, ഭാര്യാ സഹോദരൻ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. നികിതയെ ഗുരുഗ്രാമിൽ നിന്നും അമ്മയെയും സഹോദരനെയും അലഹബാദിൽ നിന്നുമാണ് അറസ്റ്റു ചെയ്തത്. കേസിൽ നികിതയുടെ അമ്മാവൻ സുശീലും പ്രതിയാണ്. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കേസിൽ നികിത ഒന്നാം പ്രതിയും നിഷ രണ്ടാം പ്രതിയുമാണ്. അതുലിന്റെ ആത്മഹത്യാ കുറിപ്പും മരണത്തിനു തൊട്ടുമുമ്പ് പങ്കുവച്ച വീഡിയോയും ഫോറൻസിക് വിദഗ്ദ്ധർ പരിശോധിച്ചുവരികയാണ്.
ബീഹാർ സ്വദേശിയായ അതുൽ സുഭാഷിനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 24 പേജുള്ള ആത്മഹത്യക്കുറിപ്പിൽ ഭാര്യാവീട്ടുകാരുടെ പീഡനങ്ങൾ അതുൽ വിവരിച്ചിരുന്നു. കൂടാതെ മരിക്കുന്നതിന് 80 മിനിട്ട് മുമ്പ് വീഡിയോയും പുറത്തുവിട്ടു. നീതി ലഭിക്കണമെന്ന് എഴുതിയ പ്ലക്കാർഡ് അതുലിന്റെ മുറിയിൽ നിന്ന് കണ്ടെത്തി. വിവാഹ മോചനത്തിന് മൂന്ന് കോടി ഉൾപ്പെടെ ആവശ്യപ്പെട്ടെന്നും ഭാര്യാ വീട്ടുകാർ നിരന്തരം ഉപദ്രവിക്കുകയാണെന്നും അതുൽ പറഞ്ഞു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണ്. ഉത്തർപ്രദേശിലെ കുടുംബ കോടതി ജഡ്ജിയും മാനസികമായി തളർത്തി.
ഭാര്യ രജിസ്റ്റർ ചെയ്ത കേസിൽ തന്റെ മാതാപിതാക്കളെ ഉപദ്രവിക്കുന്നത് കോടതി അവസാനിപ്പിക്കണമെന്നും അതുൽ വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു.
2019ൽ മാട്രിമോണിയൽ സൈറ്റിലൂടെയാണ് അതുൽ പങ്കാളിയെ കണ്ടെത്തിയത്. ഒരു വർഷം കഴിഞ്ഞപ്പോൾ ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചു. ഭാര്യാ വീട്ടുകാർ പലപ്പോഴായി പണം ആവശ്യപ്പെട്ടെന്നും, കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ നൽകാൻ വിസമ്മതിച്ചെന്നും അതുൽ വിഡിയോയിൽ വ്യക്തമാക്കി. തുടർന്ന് ഭാര്യ പിണങ്ങി കുട്ടിയുമായി അവരുടെ വീട്ടിലേക്ക് പോയി. പിന്നീട് പ്രകൃതിവിരുദ്ധ പീഡനം ഉൾപ്പെടെയുള്ള കള്ളക്കേസുകൾ തനിക്കെതിരെ ഇവർ റജിസ്റ്റർ ചെയ്തതായും അതുൽ വിഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ, അതുൽ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ സമ്മർദ്ദത്തിൽ പിതാവ് ഹൃദയാഘാതം മൂലം മരിച്ചതായാണ് യുവതി ആരോപിക്കുന്നത്.
കൊച്ചുമകൻ എവിടെ
അതിനിടെ പ്രതികളെ പിടികൂടിയതിന് അതുലിന്റെ പിതാവ് പവൻ കുമാർ മോദി പൊലീസിനോട് നന്ദി അറിയിച്ചു. എന്നാൽ നീതി ലഭിച്ചിട്ടില്ല. ഞങ്ങളുടെ കൊച്ചുമകൻ കൊല്ലപ്പെട്ടോ അതോ ജീവിച്ചിരിപ്പുണ്ടോ. ഒരു വിവരവും അറിയില്ല. കൊച്ചുമകൻ ഞങ്ങൾക്കൊപ്പമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. കുടുംബ കോടതി ജഡ്ജി അഴിമതിക്കാരനാണ്. - പവൻ കുമാർ പറഞ്ഞു.