e

കൊൽക്കത്ത: പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച് ഭർതൃ സഹോദരൻ. ബംഗാളിലെ ടോളിഗഞ്ചിലാണ് ക്രൂരകൃത്യം. കാംദേവ്പുർ സ്വദേശി ഖദീജ ബീബിയെ (40) കഴുത്തുഞെരിച്ച് കൊന്നശേഷം മൂന്ന് കഷണങ്ങളാക്കുകയായിരുന്നു. പ്രതി അതിഖ് റഹ്മാൻ ലസ്‌കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പോളിത്തീൻ കവറിൽ പൊതിഞ്ഞ തല പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. പൊലീസ് നടത്തിയ പരിശോധനയിൽ ശനിയാഴ്‌ച സമീപത്തുള്ള തടാകത്തിൽനിന്ന് യുവതിയുടെ ശരീര ഭാഗങ്ങൾ കണ്ടെത്തി.

രണ്ടുവർഷം മുൻപ് ഭർത്താവുമായി പിരിഞ്ഞ ഖദീജ, മാതാപിതാക്കൾക്കും മക്കൾക്കുമൊപ്പമായിരുന്നു താമസം.

പ്രതിക്കൊപ്പമാണ് നിർമ്മാണ സ്ഥലത്ത് ജോലി ചെയ്തിരുന്നത്. ഇതിനിടയിലാണ് ലസ്‌കർ പ്രണായഭ്യർത്ഥന നടത്തിയത്.

ഖദീജ നിരസിച്ചു. തുടർന്ന് ഇയാളെ ഒഴിവാക്കുകയും നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതോടെ ഖദീജയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച ജോലി കഴിഞ്ഞ് മടങ്ങാനിരുന്ന ഖദീജയെ ലസ്കർ ബലമായി നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപത്തേക്ക് കൊണ്ടുപോയി. കൊലപ്പെടുത്തി തലയറുത്തുമാറ്റുകയും മൃതദേഹം മൂന്നു കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിക്കുകയും ചെയ്തു.സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ലസ്‌കറിനെ തിരിച്ചറിഞ്ഞത്. ഇയാൾ കുറ്റസമ്മതം നടത്തി.