allu

ഹൈദരാബാദ്: ജയിൽ മോചിതനായ ശേഷം സൂപ്പർതാരവും അമ്മാവനുമായ ചിരഞ്ജീവിയുടെ വീട്ടിൽ കുടുംബസമേതമെത്തി അല്ലു അർജ്ജുൻ. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. അല്ലുവിന്റെ അറസ്റ്റിനു പിന്നാലെ താരവും ചിരഞ്ജീവിയുടെ കുടുംബവും തമ്മിൽ അകൽച്ചയിലാണെന്നും അറസ്റ്റിന് പിന്നിൽ ചിരഞ്ജീവിയുടെ കുടുംബത്തിന് പങ്കുണ്ടെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് കൂടിക്കാഴ്‌ച എന്നത് ശ്രദ്ധേയമാണ്.

അല്ലു അർജ്ജുൻ അറസ്റ്റിലായപ്പോൾ ചിര‌ഞ്ജീവിയും ഭാര്യ സുരേഖയും അല്ലുവിന്റെ വീട് സന്ദർശിച്ചിരുന്നു. സുരേഖയുടെ സഹോദരനാണ് അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ്. തെലുങ്ക് താരങ്ങളായ വിജയ് ദേവരക്കൊണ്ട, റാണ ദഗ്ഗുബാട്ടി, നാഗ ചൈതന്യ തുടങ്ങിയവർ കഴിഞ്ഞ ദിവസം അല്ലുവിന്റെ വീട്ടിലെത്തിയിരുന്നു.

നാലിന് പുഷ്പ 2 പ്രീമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശി രേവതി തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിലാണ് അല്ലു അർജ്ജുൻ അറസ്റ്റിലായത്. അല്ലു അർജ്ജുൻ അപ്രതീക്ഷിതമായി തിയേറ്ററിലേക്ക് എത്തുകയും ആരാധകർ തിരക്ക് കൂട്ടുകയും ചെയ്തു.ഭർത്താവിനും മക്കൾക്കുമൊപ്പം എത്തിയ രേവതി രേവതി ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

കഴിച്ചത് ചോറും

വെജിറ്റബിൾകറിയും

ഒരു രാത്രി ജയിലിൽ കഴിഞ്ഞ അല്ലു അർജ്ജുനെ കോടതി ഉത്തരവ് അനുസരിച്ച് 'സ്‌പെഷ്യൽ ക്ലാസ് ജയിൽപ്പുള്ളി' ആയാണ് പരിഗണിച്ചതെന്ന് മുതിർന്ന ഉദ്യോഗസഥൻ. അത്താഴത്തിന് ചോറും വെജിറ്റബിൾ കറിയുമാണ് നൽകിത്. പ്രത്യേക ആവശ്യമോ സഹായമോ അല്ലു ചോദിച്ചില്ല. വിഷമിച്ചൊന്നും കണ്ടില്ല. ജയിലിലെ അത്താഴസമയം വൈകിട്ട് 5.30നാണ്. എന്നാൽ, വൈകി എത്തിക്കുന്നവർക്കും ഭക്ഷണം നൽകാറുണ്ട്. സ്‌പെഷ്യൽ ക്ലാസ് ജയിൽപ്പുള്ളി ആയതിനാൽ കട്ടിലും കസേരയും മേശയും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിക്കും.