
താരലേലത്തിൽ തിളങ്ങിയത് ഇന്ത്യൻ അണ്ടർ 19 കുപ്പായത്തിൽ അരങ്ങേറിയ ദിവസം
ബെംഗളുരു : വനിതാ പ്രിമിയർ ലീഗ് മിനി താരലേലത്തിൽ കേരളത്തിന് അഭിമാനമായി വി.ജെ ജോഷിത. 10 ലക്ഷം രൂപയ്ക്ക് ആർ.സി.ബിയാണ് വയനാടുകാരിയായ ജോഷിതയെ സ്വന്തമാക്കിയത്. ഇന്ത്യൻ അണ്ടർ 19 ടീമിനുവേണ്ടി ആദ്യ മത്സരത്തിനിറങ്ങി ആദ്യ വിക്കറ്റും സ്വന്തമാക്കിയ ദിവസമാണ് ആൾറൗണ്ടറായ ജോഷിത ലേലത്തിലും തിളങ്ങിയത്. ക്വലാലംപുരിൽ നടക്കുന്ന വനിതാ അണ്ടർ-19 ഏഷ്യാകപ്പിനുള്ള ടീമിലേക്ക് കഴിഞ്ഞ ദിവസമാണ് ജോഷിത തിരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ പാകിസ്ഥാനെതിരെയായിരുന്നു ഇന്ത്യൻ കുപ്പായത്തിലെ അരങ്ങേറ്റം. ട്വന്റി-20 മത്സരത്തിൽ നാലോവർ ബൗൾ ചെയ്ത മീഡിയം പേസറായ ജോഷിത 13 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും നേടി. തന്റെ ആദ്യ ഓവറിന്റെ അവസാനപന്തിൽ പാക് ഓപ്പണർ ഫിസ ഫിയാസിനെ എൽ.ബിയിൽ കുരുക്കിയ ജോഷിതയ്ക്ക് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നില്ല.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരിയിലെ അക്കാദമിയിലൂടെയാണ് ജോഷിത ക്രിക്കറ്റിലേക്ക് കടന്നുവന്നത്. മിന്നുമണിക്കും സജനയ്ക്കും ശേഷം ഇന്ത്യൻ കുപ്പായമണിയുന്ന വയനാടുകാരിയാണ് ജോഷിത. ഈമാസമാദ്യം പുനെയിൽ നടന്ന അണ്ടർ 19 ത്രിരാഷ്ട്രകപ്പിൽ ഇന്ത്യ എ ടീമിൽ അംഗമായിരുന്ന ജോഷിത ഏഴുവിക്കറ്റെടുത്താണ് ഏഷ്യാകപ്പ് ടീമിലെത്തിയത്. കല്പറ്റ സ്വദേശിനിയായ ജോഷിത കൃഷ്ണഗിരി ക്രിക്കറ്റ് അക്കാഡമിയിലെത്തിയിട്ട് ഏഴുവർഷമായി. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ച് അമൽ ബാബുവിന്റെ ക്യാമ്പിലൂടെയാണ് അക്കാഡമിയിലെത്തിയത്. തുടർന്ന് കെ.സി.എ. പരിശീലകരായ ടി. ദീപ്തിയുടെയും ജസ്റ്റിൻ ഫെർണാണ്ടസിന്റെയും കീഴിലായിരുന്നു പരിശീലനം. സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലെ ഒന്നാംവർഷ ബിരുദവിദ്യാർത്ഥിനിയാണ്. കല്പറ്റ മൈതാനി ഗ്രാമത്തുവയൽ ജോഷിയുടെയും ശ്രീജയുടെയും മകളാണ്.കേരളത്തിന്റെ അണ്ടർ19 ടീം ക്യാപ്ടനും ഡൽഹി ക്യാപിറ്റൽസിന്റെ നെറ്റ്സ് ബൗളറുമാണ്.
പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ
ക്വലാലംപുരിൽ ഇന്നലെ അണ്ടർ -19 വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഒൻപത് വിക്കറ്റിന് പാകിസ്ഥാനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് നിശ്ചിത 20 ഓവറിൽ 67/7 എന്ന സ്കോറിലേ എത്താനായുള്ളൂ. സോനം യാദവ് നാലോവറിൽ ആറു റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി. മറുപടിക്കിറങ്ങിയ ഇന്ത്യ 7.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.ഓപ്പണർ ജി.കമലിനി 29 പന്തിൽ 44 റൺസുമായി പുറത്താകാതെ നിന്നു.
സിമ്രാൻ ഷെയ്ഖിന് 1.90 കോടി
ബെംഗളൂരുവിൽ വനിതാ പ്രീമിയർ ലീഗ് മിനി ലേലത്തിൽ സിമ്രാൻ ഷെയ്ഖ് ഏറ്റവും വില കൂടിയ താരമായി. 1.90 കോടി രൂപയ്ക്ക് സിമ്രാനെ ഗുജറാത്ത് ജയന്റ്‌സ് വിളിച്ചെടുത്തു. വിൻഡീസ് ആൾറൗണ്ടർ ദിയേന്ദ്ര ഡോട്ടിനെ 1.7 കോടി രൂപയ്ക്കും ഗുജറാത്ത് ജയന്റ്‌സ് സ്വന്തമാക്കി. 16-കാരിയായ തമിഴ്നാട്ടുകാരി ജി.കമലിനിയെ 1.6 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് വിളിച്ചെടുത്തു. ജോഷിതയെ വിളിച്ചെടുത്ത ബെംഗളൂരു 1.2 കോടി രൂപയ്ക്ക പ്രേമ റാവത്തിനെയും സ്വന്തമാക്കി.