
തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായി റോഡപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ. ഇന്ന് പുലർച്ചെ പത്തനംതിട്ട കലഞ്ഞൂർ മുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികൾ അടക്കം രു കുടുംബത്തിലെ നാലുപേർ മരിച്ചതിന്റെയും കൂടി സാഹചര്യത്തിലാണ് അടിയന്ത യോഗം വിളിച്ചത്.
വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ സുരക്ഷിതമായ യാത്രയ്ക്ക് ആവശ്യമായ തുടർനടപടികളും അപകടരഹിത യാത്ര സാദ്ധ്യമാക്കാനും ലക്ഷ്യമിട്ടാണ് ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്താണ് ഉന്നതതല യോഗം നടക്കുക. അപകട മേഖലയിൽ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തുന്നത് ഉൾപ്പെടെ ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യും. മോട്ടോർ വാഹന വകുപ്പ്, പൊലീസ് എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ദേശീയപാത അതോറിട്ടി, കെ.എസ്.ഇ.ബി, പി,ഡബ്ല്യു.ഡി, റോഡ് സേഫ്‌ടി വിഭാഗം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
ഇന്ന് പുലർച്ചെ നടന്ന അപകടത്തിൽ മല്ലശേരി സ്വദേശികളായ നിഖിൽ, അനു, ബിജു പി. ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് മരിച്ചത്. നവംബർ 30നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം. എട്ടുവർൽത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം നടന്നത്. മധുവിധു ആഘോഷിക്കാൻ മലേഷ്യയിലേക്ക് പോയി മടങ്ങിയെത്തിയ ഇവരെ വിമാനത്താവളത്തിൽ പോയതായിരുന്നു അനുവിന്റെ അച്ഛൻ ബിജു പി. ജോർജും നിഖിലിന്റെ അച്ഛൻ മത്തായി ഈപ്പനും. കാനഡയിൽ എൻജിനീയറായ നിഖിൽ കഴിഞ്ഞ മാസം 25നാണ് വിവാഹത്തിനായി നാട്ടിലെത്തിയത്.