accident

പത്തനംതിട്ട: ഞായറാഴ്ച പുലര്‍ച്ചെ പത്തനംതിട്ട കലഞ്ഞൂരില്‍ നടന്ന വാഹനാപകടത്തില്‍ നാല് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവം വലിയ നൊമ്പരമാണ് സൃഷ്ടിച്ചിരിക്കുന്നത്. അപകടത്തില്‍പ്പെട്ടവരുടെ കൂടൂതല്‍ വിശദാംശങ്ങള്‍ പുറത്തുവരുമ്പോള്‍ ഏതൊരാളുടേയും മനസ്സിനെ വേദനിപ്പിക്കുകയാണ് ചെയ്യുക. മലേഷ്യയില്‍ മധുവിധു ആഘോഷങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തിയ അനുവിനേയും നിഖിലിനേയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് അപകടം. സംഭവം നടന്നതാകട്ടെ വീടിന് വെറും 12 കിലോമീറ്റര്‍ മാത്രം അകലെ വെച്ചും.

മറ്റൊരു രാജ്യത്ത് നിന്ന് നാട്ടിലെത്തി സ്വന്തം വീട്ടിലേക്കെത്താന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയുണ്ടായ അപകടം നാടിനെയാകെ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്. നവംബര്‍ 30ന് ആയിരുന്നു അനുവും നിഖിലും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. കാനഡയില്‍ ജോലി ചെയ്യുകയായിരുന്ന നിഖിലിനൊപ്പം അവിടേക്ക് പോകാനിരിക്കുകയായിരുന്നു അനുവും. മലേഷ്യയില്‍ ബന്ധുക്കള്‍ താമസിക്കുന്നുണ്ടായിരുന്നു, അതുകൊണ്ടാണ് മധുവിധു അവിടെയാക്കിയതും.

ഇന്ന് നാട്ടില്‍ മടങ്ങിയെത്തി നാളെ അനുവിന്റെ പിറന്നാളും ക്രിസ്മസും കുടുംബത്തോടൊപ്പം ആഘോഷിച്ച ശേഷം കാനഡിലേക്ക് പോകാനായിരുന്നു നവദമ്പതിമാരുടെ പദ്ധതി. രണ്ട് പേരുടെ കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി പരിചയമുണ്ട്. മാത്രവുമല്ല ഒരേ ഇടവകയിലെ അംഗങ്ങളായിരുന്നു രണ്ട് പേരും. മെക്കാനിക്കല്‍ എന്‍ജിനിയറാണ് നിഖില്‍. 2020വരെ ഗള്‍ഫിലായിരുന്നു. ശേഷം കാനഡയിലേക്ക് പോയി. ഇപ്പോള്‍ അവിടെ ക്വാളിറ്റി ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. എം എസ് ഡബ്ല്യൂ പൂര്‍ത്തിയാക്കിയ ആളാണ് അനു.

അനുവും നിഖിലും കാറിന്റെ പിന്‍സീറ്റിലായിരുന്നു. നിഖിലിന്റെ പിതാവായ മത്തായി ഈപ്പന്‍, അനുവിന്റെ പിതാവ് ബിജു. പി. ജോര്‍ജ് എന്നിവരാണ് മരിച്ചത്. കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ പുലര്‍ച്ചെ 4:05 നായിരുന്നു അപകടം സംഭവിച്ചത്. ആര്‍മിയില്‍ നിന്ന് വിരമിച്ചയാളാണ് ബിജു. ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി മാനേജരാണ്. ബിജുവാണ് വണ്ടിയോടിച്ചത്. മൂന്ന് പേര്‍ സംഭവസ്ഥലത്തുവച്ചും അനു ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്.