
മുംബയ് : നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് മൂന്നാഴ്ച പിന്നിട്ട ശേഷം മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം. ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സർക്കാരിലേക്ക് 39 പേർ സത്യപ്രതിജ്ഞ ചെയ്‌ത് ഇന്നലെ അധികാരമേറ്റു. നാഗ്പൂരിലെ രാജ്ഭവനിൽ നടന്ന സത്യാപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ സി.പി. രാധാകൃഷ്‌ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇവരിൽ 33 പേർക്ക് ക്യാബിനറ്റ് റാങ്ക് നൽകി. 19 പേർ ബി.ജെ.പിയിൽ നിന്നും 11 പേർ ശിവസേനയിൽ നിന്നും ഒമ്പത് പേർ എൻ.സി.പി അജിത് പവാർ വിഭാഗത്തിൽ നിന്നുമാണ്. ഇതോടെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ എന്നിവർ ഉൾപ്പെടെ മന്ത്രിസഭാ അംഗങ്ങളുടെ എണ്ണം 42 ആയി. രണ്ടരവർഷത്തേക്കാണ് മന്ത്രിമാരുടെ നിയമനമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. പ്രകടനം വിലയിരുത്തിയ ശേഷം മന്ത്രിമാർ തുടരണമോ വേണ്ടയോ എന്നു തീരുമാനിക്കും.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ ക്യാബിനറ്റ് മന്ത്രിയായി ആദ്യം സത്യപ്രതിജ്ഞ ചെയ്‌തു. ബി.ജെ.പിയിൽ നിന്ന് രാധാകൃഷ്‌ണ വിഖേപാട്ടീൽ, ആശിഷ് ഷെലാർ, ചന്ദ്രകാന്ത് പാട്ടീൽ, ഗിരീഷ് മഹാജൻ, ഗണേഷ് നായിക്, മംഗൾ പ്രഭാത് ലോധ, ജയ്‌കുമാർ റാവൽ, പങ്കജ മുണ്ടെ, അതുൽ സാവെ തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്‌തു. ശിവസേന ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിൽ നിന്ന് ദാദാ ഭുസെ, ശംഭുരാജെ ദേശായി, സഞ്ജയ് ഷിർസത്, ഗുലാബ് റാവു പാട്ടീൽ, ഉദയ് സാമന്ത് തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്‌തു. എൻ.സി.പി നേതാക്കളായ മണിക്റാവു കൊക്കാട്ടെ, ദത്താത്രയ ഭർനെ, ഹസൻ മുഷ്‌റിഫ്, അദിതി തത്കരെ, ധനഞ്ജയ് മുണ്ടെ തുടങ്ങിയ നേതാക്കളും അധികാരമേറ്റു. വകുപ്പുകളെ ചൊല്ലിയുള്ള തർക്കമാണ് മന്ത്രിസഭാ വികസനം മൂന്നാഴ്ചയോളം വൈകാൻ കാരണം. മൂന്നു പാർട്ടികളിലെയും പല മുതിർന്ന നേതാക്കളെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.