cricket

ഹെഡ് വീണ്ടും മാസ്റ്റർ,
സ്മൂത്തായി സ്മിത്ത്

ബ്രിസ്ബേൻ ടെസ്റ്റിൽ ഓസീസ് മികച്ച നിലയിൽ

രണ്ടാം ദിവസം കളിനിറുത്തുമ്പോൾ ഓസ്ട്രേലിയ 405/7

ട്രാവിസ് ഹെഡിന് (152) തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി

സ്റ്റീവൻ സ്മിത്തിന് (101) ഒന്നരവർഷത്തിന് ശേഷം ടെസ്റ്റ് സെഞ്ച്വറി

ജസ്പ്രീത് ബുംറയ്ക്ക് അഞ്ചുവിക്കറ്റ്,സിറാജിനും നിതീഷിനും ഓരോ വിക്കറ്റ്

ബ്രിസ്ബേൻ : ആദ്യദിനം മഴ തടസപ്പെടുത്തിയ ബ്രിസ്ബേൻ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ ബൗളർമാർക്കെതിരെ ആധിപത്യം നേടി ഓസ്ട്രേലിയ. 28/0 എന്ന നിലയിൽ ഇന്നലെ ബാറ്റിംഗിനിറങ്ങിയ ഓസീസ് രണ്ടാം ദിനം കളി നിറുത്തുമ്പോൾ 405/7 എന്ന നിലയിലാണ്.

സെഞ്ച്വറികൾ നേടുകയും നാലാം വിക്കറ്റിൽ 241 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്ത ട്രാവിസ് ഹെഡും (152), സ്റ്റീവൻ സ്മിത്തും (101) ചേർന്നാണ് ആതിഥേയരെ മികച്ച സ്കോറിലേക്ക് നയിച്ചത്. വൈസ് ക്യാപ്ടൻ ജസ്പ്രീത് ബുംറ തന്റെ കരിയറിലെ 12-ാം അഞ്ചുവിക്കറ്റ് നേട്ടം കരസ്ഥമാക്കിയെങ്കിലും ഓസീസിന് തടയിടാൻ ബുംറയെക്കൊണ്ട് ഒറ്റയ്ക്ക് കഴിഞ്ഞില്ല. കളിനിറുത്തുമ്പോൾ അലക്സ് കാരേയും (45*) മിച്ചൽ സ്റ്റാർക്കുമാണ് (7*) ക്രീസിൽ. ഇന്നലെ ആദ്യ സെഷനിൽ ഓസീസിന്റെ മൂന്ന് വിക്കറ്റുകൾ വീഴ്ത്താനായ ഇന്ത്യയ്ക്ക് പിന്നീട് അവസാന സമയത്താണ് നാലുവിക്കറ്റുകൾ ലഭിച്ചത്. അതിനിടയിൽ സ്മിത്തും ഹെഡും ചേർന്ന് കളിയുടെ കടിഞ്ഞാൺ കൈക്കലാക്കിയിരുന്നു.

ഇന്നലെ രാവിലെതന്നെ ഓസീസ് ഓപ്പണർമാരായ ഉസ്മാൻ ഖ്വാജയേയും (21) മക്‌സ്വീനിയെയും (9)പുറത്താക്കി ബുംറ ഇന്ത്യയ്ക്ക് പ്രതീക്ഷ പകർന്നിരുന്നു. ഖ്വാജ റിഷഭ് പന്തിനും മക്‌സ്വീനി വിരാടിനുമാണ് ക്യാച്ച് നൽകിയത്. തുടർന്ന് ചെറുത്തുനിൽപ്പിന് ശ്രമിച്ച ലാബുഷയ്നെ (12) നിതീഷിന്റെ പന്തിൽ വിരാട് പിടികൂടിയതോടെ ഓസീസ് 75/3 എന്ന നിലയിലായി. ഇതോടെ ക്രീസിൽ ഒരുമിച്ച ഹെഡും സ്മിത്തും ചേർന്ന് ഓസീസിനെ മുന്നോട്ടുനയിച്ചു. 104/3 എന്ന

നിലയിൽ ലഞ്ചിന് പിരിഞ്ഞ ഓസീസ് അടുത്ത സെഷനിൽ തകർത്തടിച്ചു. ചായയ്ക്ക് പിരിയുമ്പോൾ അവർ 234/3 എന്ന സ്ഥിതിയിലെത്തിയിരുന്നു. ചായയ്ക്ക് മുന്നേ ഹെഡ് സെഞ്ച്വറിയിലെത്തിയിരുന്നു. ചായയ്ക്ക് ശേഷം സ്മിത്തും ശതകത്തിലെത്തി.

സ്മിത്ത് സെഞ്ച്വറി തികച്ചതിന് പിന്നാലെ ബുംറയുടെ പന്തിൽ രോഹിതിന് ക്യാച്ച് നൽകി മടങ്ങിയതോടെ ഇന്ത്യയ്ക്ക് നേരിയ ആശ്വാസം ലഭിച്ചത്. വൈകാതെ മിച്ചൽ മാർഷിനെയും (5) ഹെഡിനെയും ഒരേ ഓവറിൽ പുറത്താക്കി ബുംറ അഞ്ചുവിക്കറ്റ് തികച്ചു. എന്നാൽ ഇന്ത്യയെ വീണ്ടും നിരാശപ്പെടുത്തി അലക്സ് കാരേയും പാറ്റ് കമ്മിൻസും (20) ചെറുത്തുനിന്നു. ഓസീസ് സ്കോർ 385ൽ വച്ച് സിറാജാണ് കമ്മിൻസിനെ പുറത്താക്കിയത്.