
മാഡ്രിഡ്: പ്രശസ്ത ഫാഷൻ വസ്ത്ര കമ്പനിയായ 'മാംഗോ"യുടെ സ്ഥാപകനും ശതകോടീശ്വരനുമായ ഐസക് ആൻഡിക് (71) ഹൈക്കിംഗിനിടെ 492 അടി താഴ്ചയിലുള്ള കൊക്കയിൽ വീണുമരിച്ചു. പ്രാദേശിക സമയം, ശനിയാഴ്ച ഉച്ചയ്ക്ക് 1ന് ബാഴ്സലോണയ്ക്ക് സമീപമുള്ള മോണ്ട്‌സെറാറ്റ് പർവ്വതനിരയിലെ ഗുഹകൾ സന്ദർശിക്കാനെത്തിയതായിരുന്നു ഐസക്. അപകട സമയം മകനും മറ്റ് കുടുംബാംഗങ്ങളും ഐസകിനൊപ്പമുണ്ടായിരുന്നു. ഹെലികോപ്‌റ്റർ അടങ്ങുന്ന പ്രത്യേക ടീമിന്റെ തെരച്ചിലിനൊടുവിലാണ് മൃതദേഹം വീണ്ടെടുത്തത്.
1984ലാണ് സഹോദരൻ നാഹ്‌മനുമായി ചേർന്ന് ഐസക് മാംഗോ സ്ഥാപിച്ചത്. ഇന്ന് 120 രാജ്യങ്ങളിലായി 3,000 ഔട്ട്‌ലെറ്റുകൾ മാംഗോയ്ക്കുണ്ട്. ഫോബ്സിന്റെ കണക്ക് പ്രകാരം 450 കോടി ഡോളറാണ് ഐസകിന്റെ ആസ്തി. തുർക്കിയിൽ ജനിച്ച ഐസക് 1960കളിൽ കുടുംബത്തോടൊപ്പം വടക്കു കിഴക്കൻ സ്പെയിനിലെ കാറ്റലോണിയ മേഖലയിലേക്ക് കുടിയേറുകയായിരുന്നു. ന്യൂസ് റെയ്ഗ് ടറാഗോ ആയിരുന്നു ഐസകിന്റെ ഭാര്യ. ഇരുവരും ബന്ധം വേർപെടുത്തി. ജോനാഥൻ, ജൂഡിത്ത്, സാറ എന്നിവരാണ് മക്കൾ.