maruti

കൊച്ചി: ഉത്സവകാലത്തിന് ശേഷം ഉപഭോഗത്തിലുണ്ടായ ഉണർവ് കണക്കിലെടുത്ത് രാജ്യത്തെ മുൻനിര വാഹന കമ്പനികൾ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഹ്രസ്വകാലത്തെ തളർച്ചയ്ക്ക് ശേഷം വാഹന വിപണിയിൽ മികച്ച അന്വേഷണങ്ങളാണ് ലഭിക്കുന്നതെന്ന് വിവിധ ഡീലർമാർ പറയുന്നു. കാലവർഷം മെച്ചപ്പെട്ടതോടെ കാർഷിക ഉത്പാദനം കൂടുമെന്നതിനാൽ ഗ്രാമീണ ഉപഭോഗം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബറിൽ വിവിധ കമ്പനികൾ ഡീലർഷിപ്പുകളിലേക്ക് അയച്ച യാത്ര വാഹനങ്ങളുടെ എണ്ണം നാല് ശതമാനം വർദ്ധിച്ച് 3,47,522 യൂണിറ്റുകളായെന്ന് സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ(സിയാം) വ്യക്തമാക്കി.

മാരുതി സുസുക്കി മുന്നിൽ

കഴിഞ്ഞ മാസം രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി 1,41,312 വാഹനങ്ങളാണ് വിവിധ ഡീലർമാർക്ക് കൈമാറിയത്. മുൻവർഷം ഇതേകാലയളവിനേക്കാൾ അഞ്ച് ശതമാനം വർദ്ധനയാണുണ്ടായത്. ദീപാവലി, മഹാനവമി കാലയളവിൽ ഉപഭോക്താക്കൾ വലിയ തോതിൽ കാറുകൾ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചതാണ് അധിക ഉത്പാദനത്തിന് പ്രേരിപ്പിച്ചത്. ഇക്കാലയളവിൽ മാരുതി കാറുകളുടെ വിൽപ്പന പത്ത് ശതമാനം ഉയർന്ന് 1,81,531 യൂണിറ്റുകളായി. ആൾട്ടോ, എസ് പ്രസോ എന്നിവയടങ്ങിയ ചെറുകാറുകളുടെ വിൽപ്പന 9,750 യൂണിറ്റുകളായി കുറഞ്ഞു. ബലോറോ, സെലേറിയോ, ഡിസയർ, ഇഗ്നിസ്, സ്വിഫ്‌റ്റ് തുടങ്ങിയ കോമ്പാക്‌ട് കാറുകളുടെ വിൽപ്പന 61,373 യൂണിറ്റുകളായി ഇടിഞ്ഞു. ബ്രെസ, എർട്ടിഗ, ഗ്രാൻഡ് വിറ്റാര, എക്സ‌്.എൽ 6 എന്നീ എസ്.യു.വികളുടെ വിൽപ്പനയിലാണ് മികച്ച നേട്ടമുണ്ടായത്.

ഹ്യുണ്ടായ് വിൽപ്പന 48,246 വാഹനങ്ങൾ

കഴിഞ്ഞ മാസം ഹ്യുണ്ടായ് 48,246 വാഹനങ്ങളാണ് വിവിധ ഡീലർഷിപ്പുകളിലേക്ക് അയച്ചത്. വിപണിയിലെ അനിശ്ചിതത്വം മറികടന്നും മികച്ച വളർച്ചയാണ് കമ്പനി കൈവരിച്ചത്. നവംബറിൽ കാർ വിൽപ്പന മുൻവർഷത്തേക്കാൾ ഏഴ് ശതമാനം ഇടിവുണ്ടായി. ആഭ്യന്തര വിൽപ്പനയിൽ രണ്ട് ശതമാനവും കയറ്റുമതിയിൽ 20 ശതമാനവും ഇടിവുണ്ടായി. എസ്.യു.വി വിപണിയിലാണ് ഹ്യുണ്ടായ് മികച്ച വളർച്ച നേടിയത്.

വൻമുന്നേറ്റവുമായി മഹീന്ദ്ര

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കാർ വിൽപ്പന കഴിഞ്ഞ മാസം 16 ശതമാനം വർദ്ധിച്ച് 46,222 യൂണിറ്റുകളായി. നവംബറിൽ 79083 വാഹനങ്ങളാണ് വിറ്റഴിച്ചത്. മൊത്തം വിൽപ്പനയിൽ 16 ശതമാനം വർദ്ധനയുണ്ടായി. ഇക്കാലയളവിൽ 46222 എസ്.യു.വികളാണ് മഹീന്ദ്ര വിറ്റഴിച്ചത്. സ്കോർപ്പിയോ, എക്സ്.യു.വി 700 തുടങ്ങിയ മോഡലുകൾക്കാണ് ഏറെ വിൽപ്പന താത്പര്യം ലഭിച്ചത്.