zakir

സാൻഫ്രാൻസിസ്‌കോ: വിഖ്യാത തബല വിദ്വാൻ ഉസ്‌താദ് സാക്കിർ ഹുസൈൻ (73)​ ആശുപത്രിയിൽ. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് യു.എസിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയോടെ അദ്ദേഹം മരിച്ചെന്ന വാർത്തകൾ പ്രചരിച്ചെങ്കിലും രാത്രി വൈകി കുടുംബം നിഷേധിച്ചു. മുഖ്യമന്ത്രിയുൾപ്പെടെ രാഷ്ട്രീയ,​ സാംസ്കാരിക രംഗത്തെ നിരവധിപ്പേർ അനുശോചനം രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഇത് പിൻവലിച്ചു. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രാർത്ഥിക്കണമെന്ന് കുടുംബം അഭ്യർത്ഥിച്ചതായി മാദ്ധ്യമ പ്രവർത്തകൻ പർവേസ് അലം എക്‌സിൽ കുറിച്ചു. 1951ൽ മുംബയിലാണ് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന് അതുല്യ സംഭാവനകൾ നൽകിയ സാക്കിറിന്റെ ജനനം. പദ്മശ്രീ (1988), പദ്മഭൂഷൺ (2002), പദ്മവിഭൂഷൺ (2023) തുടങ്ങിയ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.