
ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനുകള്‍ ട്രാക്കിലായതിന് ശേഷം ഉയര്‍ന്ന വരുമാനം മാത്രമാണ് റെയില്‍വേ ലക്ഷ്യമിടുന്നതെന്നും സാധാരണക്കാരെ മറക്കുന്നുവെന്നുമുള്ള പരാതി വ്യാപകമാണ്. പ്രീമിയം ട്രെയിനായ വന്ദേഭാരതിലെ യാത്രയ്ക്ക് പലപ്പോഴും ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ് മിക്ക റൂട്ടിലും. അതുകൊണ്ട് തന്നെ കൂടുതല്‍ ട്രെയിനുകള്‍ പണികഴിപ്പിക്കുകയാണ് റെയില്‍വേ. ചെയര്‍ കാര്‍ ക്ലിക്കായതിനാല്‍ തന്നെ വന്ദേഭാരതിന്റെ സ്ലീപ്പറും ട്രാക്കിലേക്ക് എത്തുകയാണ്. ഇതും വന്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷ.
വന്ദേഭാരത് ട്രെയിനുകള്‍ സമയനിഷ്ട പാലിക്കുന്നതിന് വേണ്ടി പലപ്പോഴും മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നതും സാധാരണ ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. പല സ്ഥലങ്ങളിലും വന്ദേഭാരതിന് നേരെയുണ്ടാകുന്ന കല്ലേറുകള്‍ക്ക് പോലും ഇതും ഒരു കാരണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോഴിതാ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ വന്ദേഭാരതിലേതിന് സമാനമായ പല സൗകര്യങ്ങളും ഉള്‍പ്പെടുത്തി കൂടുതല്‍ ട്രെയിനുകള്‍ ഓടാന്‍ വേണ്ടി തയ്യാറെടുക്കുകയാണ്.
നോണ്‍ എസി ട്രെയിനായ 50 അമൃത് ഭാരത് എക്‌സ്‌പ്രെസുകള്‍ ഉടന്‍ തന്നെ എത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റിനെ അറിയിച്ചു. 22 കോച്ചുകളാണ് ട്രെയിനില്‍ ആകെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പത്ത് സ്ലീപ്പര്‍ കോച്ചുകള്‍, പത്ത് ജനറല്‍ കോച്ചുകള്‍, രണ്ട് പാഴ്‌സല്‍ കോച്ചുകള്‍ എന്നിവയാണ് ട്രെയിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വന്ദേഭാരത് ട്രെയിനിലേതിന് സമാനമായ സാങ്കേതിക വിദ്യയാണ് അമൃത് ഭാരത് എക്‌സ്‌പ്രെസുകളിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പുഷ്പുള്‍ എഞ്ചിനാണ് ട്രെയിനിനുള്ളത്. പരമ്പരാഗത ട്രെയിനുകളെ അപേക്ഷിച്ച് എല്ലാ രീതിയിലും ആധുനിക സൗകര്യങ്ങളാണ് ഈ ട്രെയിനിലുള്ളത്. ആകര്‍ഷകമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത സീറ്റുകള്‍, മികച്ച ലഗേജ് റാക്കുകള്‍, അനുയോജ്യമായ മൊബൈല്‍ ഹോള്‍ഡറുകളുള്ള മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍, സിസിടിവി, പൊതു വിവരസംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങളുണ്ട്.
ഭാവിയില്‍ അമൃത് ഭാരത് എക്‌സ്പ്രെസില്‍ എയര്‍കണ്ടീഷന്‍ ചെയ്ത (എസി) കോച്ചുകളും, നോണ്‍ എസി കോച്ചുകളും ഉള്‍പ്പെടുമെന്ന് അശ്വിനി വൈഷ്ണവ് നേരത്തെ സൂചിപ്പിച്ചിരുന്നു. യാത്രാനിരക്കും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന നിലയിലായിരിക്കും. എ.സി കോച്ചുകളില്‍ നിലവില്‍ സാധാരണ ട്രെയിനുകളിലെ നിരക്കില്‍ നിന്ന് വലിയ വ്യത്യാസം ഉണ്ടാകില്ലെന്നാണ് സൂചന. ഏറ്റവും കുറഞ്ഞ ദൂരം (150 കിലോമീറ്റര്‍) 35 രൂപ മാത്രം നല്‍കിയാല്‍ മതിയാകുമെന്നും 1000 കിലോമീറ്റര്‍ ദൂരത്തിന് 500 രൂപയില്‍ താഴെയായിരിക്കുമെന്നുമാണ് സൂചന.